കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോളുകൾ; ഇടത് മുന്നണിക്ക് 13 സീറ്റെന്ന് ന്യൂസ് 18

By Web TeamFirst Published May 19, 2019, 9:05 PM IST
Highlights

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നത് ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നാണ്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ പൊതുവെ ആശ്വാസകരമായ വാര്‍ത്തയാണ് യുഡിഎഫിന്. മിക്ക എക്സിറ്റ് പോളുകളും കേരളത്തിൽ യുഡിഫ് തരംഗമാണ് പ്രവചിക്കുന്നത്. 

15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ പറയുന്നത്. ഇടത് മുന്നണിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ ബിജെപിക്ക് പരമാവധി പ്രതീക്ഷിക്കാവുന്നത് ഒരു സീറ്റ് മാത്രമാണെന്നും ഇന്ത്യാ ടുഡേ പറയുന്നുണ്ട്. പൂജ്യം മുതൽ ഒന്ന് വരെ എന്നാണ് ഇന്ത്യാ ടുഡേ കേരളത്തിലെ ബിജെപിക്ക് പറയുന്ന സാധ്യത. 

ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും ചാണക്യ 16 സീറ്റുമാണ് യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി നാല് സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. ബിജെപിക്ക് കിട്ടാവുന്നത് ഒരു സീറ്റാണെന്നാണ് ടൈംസ് നൗ കണക്ക് കൂട്ടുന്നത്.  

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സിഎൻഎൻ ന്യൂസ് 18.  കേരളത്തിൽ ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സര്‍വെയുടെ കണക്ക് കൂട്ടൽ. യുഡിഎഫ് വിജയിക്കുന്നത് 3 മുതൽ 5 സീറ്റിൽ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും സിഎൻഎൻ ന്യൂസ് 18 പങ്കുവയ്ക്കുന്നു. 

ഭൂരിപക്ഷം സര്‍വെകളും കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് തീര്‍ത്തും വ്യത്യസ്ഥമായ ഫല സൂചനയുമായി സിഎൻഎൻ ന്യൂസ് 18 എത്തുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. 

15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്‍റെ പ്രവചനം. 

ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!