'തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആര്‍എസ്എസിന്‍റെ ആളുകള്‍': കമ്മീഷനെതിരെ ആഞ്ഞടിച്ച് മമത

By Web TeamFirst Published May 15, 2019, 9:37 PM IST
Highlights

പരസ്യപ്രചാരണം വിലക്കി കൊണ്ടുള്ള കമ്മീഷന്‍റെ നടപടി മോദിയുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്. ബിജെപി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ പാവയായി മാറിയെന്നും ആര്‍എസ്എസിന്‍റെ ആളുകളാണ് കമ്മീഷനില്‍ ഉള്ളതെന്നും മമത കുറ്റപ്പെടുത്തി. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.  ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 42 സീറ്റുള്ള ബംഗാളിലെ 9 സീറ്റുകളില്‍ ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മമത അതിനിശിത വിമര്‍ശമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ നടത്തിയത്. 

മമതയുടെ വാക്കുകള്‍...

സംസ്ഥാനത്തെ പൊലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവര്‍ത്തിച്ചത്. കൊല്‍ക്കത്തയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച അമിത് ഷായ്ക്കെതിരെയാണ് കമ്മീഷന്‍ നടപടി എടുക്കേണ്ടത്. ഇന്നലെ നടന്ന അക്രമങ്ങള്‍ക്ക് കാരണം അമിത് ഷായാണ്. ബംഗാളില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 

തീര്‍ത്തും ഏകപക്ഷീയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല. ബിജെപിക്ക് വേണ്ടിയാണ് കമ്മീഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ബിജെപിയുടെ പാവയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്‍റെ ആളുകളാണ് കമ്മീഷനിലുള്ളത്. 

പരസ്യപ്രചാരണം വിലക്കി കൊണ്ടുള്ള കമ്മീഷന്‍റെ നടപടി മോദിയുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്. ബിജെപി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. 

click me!