
മുംബെെ: വിദേശത്ത് ജോലിയായി പിന്നീട് അവിടെ സ്ഥിരതാമസമാക്കി ജീവിക്കുന്ന ഒരുപാട് ഇന്ത്യക്കാരുണ്ട്. അവിടുത്തെ ജീവിതം തുടങ്ങുന്നതോടെ സ്വരാജ്യത്തിന്‍റെ കാര്യങ്ങള്‍ ഒന്നും പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍, ധീരജ് മോറെ വ്യത്യസ്തനാകുന്നത് ഇങ്ങനെ ഒന്നും അല്ല എന്നത് കൊണ്ടാണ്. 21 വര്‍ഷമായി ധീരജ് വിദേശത്താണ്.
1998ല്‍ ഇന്ത്യയില്‍ നിന്ന് ഹോംങ്കോംഗിലെത്തി, അവിടെ നിന്ന് ബ്രസീലിലേക്ക്. കാനറി നാട്ടില്‍ സ്ഥിരതാമസക്കാരനായുള്ള രേഖയൊക്കെ ലഭിച്ച് സാവോ പോളോയിലാണ് ധീരജ് താമസിക്കുന്നത്. എന്നാല്‍, ഇന്നും ധീരജിന്‍റെ വോട്ട് മുംബെെയിലാണ്. അതിനാല്‍ തന്നെ കഴിഞ്ഞ എട്ട് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുതല്‍ ലോക്സഭയിലേക്ക് വരെ എല്ലാ തെരഞ്ഞെടിപ്പിലും ശിവസേനയ്ക്കായി വോട്ട് ചെയ്യാന്‍ ധീരജ് എത്തും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യുന്നത് തനിക്കുള്ള അംഗീകാരമാണെന്നാണ് ധീരജ് പറയുന്നത്. ബ്രസീലില്‍ തന്‍റെ കാറില്‍ ശിവസേനയുടെ ചിഹ്നത്തിന്‍റെ സ്റ്റിക്കര്‍ പതിപ്പിച്ച് കറങ്ങുന്ന ധീരജ് രാജ്യം വിട്ടിട്ടും തന്‍റെ രാഷ്ട്രീയവും മറന്നിട്ടില്ല. പോര്‍ച്ചുഗീസും സ്പാനിഷും അടക്കം ആറ് ഭാഷകള്‍ അറിയുന്ന ധീരജ് ജയ് മഹാരാഷ്ട്ര എന്ന ശിവസേനയുടെ മുദ്രാവാക്യം ഇപ്പോള്‍ വിവാ മഹാരാഷ്ട്രയാക്കി അല്‍പം പരിഷ്കരിച്ചിട്ടുമുണ്ട്.