
സുല്‍ത്താന്‍പൂര്: ബിഎസ്പി നേതാവ് മായാവതി ടിക്കറ്റ് വില്‍പനക്കാരിയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി. പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ മായാവതി തയ്യാറാവില്ലെന്നാണ് മനേകാ ഗാന്ധിയുടെ ആരോപണം.
"സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ പോലും പണത്തിന്റെ കാര്യത്തില്‍ വെറുതെവിടാത്ത ആളാണ് മായാവതി. പിന്നെങ്ങനെയാണ് രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ അവര്‍ക്ക് സാധിക്കുക. പണം പ്രതിഫലമായി വാങ്ങാതെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കാത്ത ആളാണ് അവര്‍. മായവതി ഒരു ടിക്കറ്റ് വില്‍പനക്കാരിയാണ്''. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ മനേകാ ഗാന്ധി പറഞ്ഞു. മായാവതിക്ക് ആരോടും വിധേയത്വമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നും മനേകാ ഗാന്ധി ആരോപിച്ചു.
2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ മായാവതി തങ്ങളോട് പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി രണ്ട് ബിഎസ്പി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ ഇരുവരെയും മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇവര്‍ പിന്നീട് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നു.