പരസ്യമായി വിലക്ക് ലംഘിച്ചിട്ടും യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദാര സമീപനമെന്ന് മായാവതി

By Web TeamFirst Published Apr 18, 2019, 2:41 PM IST
Highlights

ഇത്തരത്തില്‍ ബിജെപിയോട് ഉദാരമായ സമീപനമാണ് തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവമെങ്കില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്നും മായാവതി പറഞ്ഞു.

ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക് നേരിടുമ്പോഴും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനോട് ഉദാര സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയും ദളിതരുടെ വീട്ടിൽ നിന്നും ഭ​ക്ഷണം കഴിച്ചും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് യോ​ഗി ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു.

'തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് യോ​ഗി പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയും ദളിതരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിച്ചും യോ​ഗി മാധ്യമ ശ്രദ്ധപിടിച്ചുപറ്റാണ് ശ്രമിക്കുന്നത്. ഇങ്ങനെയെല്ലാം കാട്ടിയിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയോട് ഉദാരമായ സമീപനം കൈക്കൊളളുന്നത്?' -മായാവതി ചോദിച്ചു. ഇത്തരത്തില്‍ ബിജെപിയോട് ഉദാരമായ സമീപനമാണ് തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവമെങ്കില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്നും മായാവതി പറഞ്ഞു.

മോദിയ്ക്കെതിരെയും ബിജെപിയ്ക്കെതിരെയും മായാവതി വിമർശമുന്നയിച്ചു. അഞ്ചു വർഷം മുമ്പ് കോൺ​ഗ്രസിനുണ്ടായ ഭയമാണ് ഇപ്പോൽ ബിജെപിക്കുള്ളത്. അന്ന് കോൺ​ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നു. പാവപ്പെട്ടവര്‍ക്കും ദളിതർക്കും കര്‍ഷകര്‍ക്കും എതിരാണ് തങ്ങള്‍ എന്ന ചിന്തയായിരുന്നു അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതേ ചിന്തയാണ് ബിജെപിക്ക് ഇപ്പോള്‍ ഉളളതെന്നും മായാവതി പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണരംഗത്ത് 72 മണിക്കൂറിന്റെ വിലക്കാണ് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. സമാനമായ കാരണം ഉന്നയിച്ച് മായാവതിക്ക് 48 മണിക്കൂറിന്റെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

click me!