മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്: വിവാദമായി മായാവതിയുടെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Apr 7, 2019, 9:51 PM IST
Highlights

മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസം​ഗം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടി. 

ലഖ്‌നൗ: ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലിക്കിടെ ബിഎസ്‌പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി നടത്തിയ പ്രസം​ഗം വിവാദത്തിൽ. മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസം​ഗം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടി.

ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാൽ മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നും എസ്പി-ബിഎസ്പി സഖ്യത്തിനുതന്നെ വോട്ട് ചെയ്യണമെന്നുമായിരുന്നു മായാവതി പ്രസം​ഗത്തിൽ ആവശ്യപ്പെട്ടത്. എസ്പി-ബിഎസ്പി സഖ്യത്തിന് മാത്രമെ ബിജെപിയെ പരാജയപ്പെടുത്താനാകൂ. എന്നാല്‍ ഈ സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മായാവതി ആരോപിച്ചു.

സഹരണ്‍പുര്‍ ജില്ലയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മായാവതി വിവാദ പ്രസംഗം നടത്തിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും മായാവതിയും ആദ്യമായി സംയുക്തമായി നേതൃത്വം നൽകിയ മഹാറാലിയിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഇരുവരും ഉന്നയിച്ചത്. 

click me!