വടിയെടുത്ത് മീണ:അമിത്ഷായ്ക്കും സുധാകരനും ശോഭക്കുമെതിരെ തുടര്‍നടപടിക്ക് നിര്‍ദേശം

By Web TeamFirst Published Apr 17, 2019, 6:46 PM IST
Highlights

ആറ്റിങ്ങല്ലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പ്രസംഗിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോടും ജില്ലാ കളക്ടറോടും ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ വടിയെടുത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറ്റിങ്ങല്ലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ എന്നിവര്‍ക്കെതിരായ പരാതികളില്‍ അദ്ദേഹം തുടര്‍നടപടികള്‍ ആരംഭിച്ചു.
 
ആറ്റിങ്ങല്ലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പ്രസംഗിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോടും ജില്ലാ കളക്ടറോടും ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. ശോഭാ സുരേന്ദ്രന്‍റെ ഈ പ്രസംഗത്തിന്‍റെ വീഡിയോ ഏപ്രില്‍ 16-ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്കില്‍ പേജില്‍ നല്‍കിയിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് മുഖ്യ  തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കെ.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎം നേതാവ് പികെ ശ്രീമതിക്കെതിരെ  പുറത്തിറക്കിയ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഉള്ളത്. ഈ വിഷയത്തില്‍ നിയമാനുസൃത നടപടിയെടുക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
 
മുസ്ലീം ലീഗിനെതിരെ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒരു പരാതി ലീഗ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയിരുന്നു. ഈ പരാതി  ഉചിതമായ നടപടികൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.
click me!