മോദി 2.0; സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ അവസരം, രാധാ മോഹന്‍ സിങ് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published May 29, 2019, 4:16 PM IST
Highlights

കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഇത്തവണ ഒഴിവാക്കാന്‍ എന്‍ഡിഎ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ഈ പട്ടികയില്‍ രാധാ മോഹന്‍ സിങിന്‍റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഡിഎയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 

ദില്ലി: രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആരൊക്കെയാകും ഉള്‍പ്പെടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്നതിനെ കുറിച്ച് അഭ്യൂഹങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഇത്തവണ ഒഴിവാക്കാന്‍ എന്‍ഡിഎ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.

ഈ പട്ടികയില്‍ രാധാ മോഹന്‍ സിങിന്‍റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഡിഎയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.  ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തവണ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് അരുണ്‍ ജെയ്‍റ്റ്ലി അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് തുടരുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ജനതാദള്‍(യു)വിന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നും പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാമെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.  

സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014-ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

അതേ സമയം നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം. 

ഒഡീഷയിൽ നവീൻപട്നായിക് മന്ത്രിസഭ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേറ്റു. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്. 

click me!