ശബരിമല വിഷയത്തില്‍ സിപിഎമ്മിനേയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Apr 9, 2019, 10:15 PM IST
Highlights

വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്.കോൺഗ്രസ് അധ്യക്ഷൻ അതിനെ പിന്തുണച്ചു. 

മൈസൂരു: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ  വിമർശിച്ചും കോൺഗ്രസ് -സിപിഎം ഒത്തുകളി ആരോപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസികളെ ജയിലിൽ അടച്ച കമ്യൂണിസ്റ്റ് സർക്കാരിന്‍റെ നടപടികളെ കോൺഗ്രസ് അധ്യക്ഷൻ പിന്തുണച്ചുവെന്ന് മൈസൂരുവിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി കുറ്റപ്പെടുത്തി. ജെഡിഎസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് രാഹുൽ കർണാടകത്തിൽ മത്സരിക്കാത്തതെന്നും പ്രധാനമന്ത്രി പരിഹസിച്ചു..

ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ ആചാരസംരക്ഷണം ഉൾപ്പെടുത്തിയ ശേഷം മൈസൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിച്ചത്. വിശ്വാസികൾക്കൊപ്പമാണ് ബിജെപി. ശബരിമലയിലെ പൂജാവിധികളെയും ആചാരങ്ങളെയും കുറിച്ച് വിശദമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. വിശ്വാസത്തിന് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ഇതിനു ശേഷമാണ് സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ മോദി ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാടുമായി ചേർത്തുവച്ചത്.

'വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്.കോൺഗ്രസ് അധ്യക്ഷൻ അതിനെ പിന്തുണച്ചു. കേരളത്തിൽ മത്സരിക്കാനെത്തിയ ശേഷം അദ്ദേഹം ആദ്യം പറഞ്ഞത് കമ്യൂണിസ്റ്റുകൾക്കെതിരെ ഒന്നും പറയില്ലെന്നാണ്. കോൺഗ്രസിന്‍റെ യഥാർത്ഥമുഖം ഇതിലൂടെ വ്യക്തമാണ്' - മോദി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തേയും മോദി പ്രസംഗത്തിനിടെ പരിഹസിച്ചു. കോൺഗ്രസിന് ഭരണമുളള കർണാടകത്തിൽ മത്സരിക്കാതെ രാഹുൽ കേരളത്തിലേക്ക് പോയിരിക്കുകയാണ്. സഖ്യകക്ഷിയായ ജെഡിഎസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഇതെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിന് കാരണവും നിരത്തി.... ''ദേവഗൗഡയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പിന്നിൽ നിന്ന് കുത്തിയ ആളാണ് സോണിയ ഗാന്ധി. മകനെ തോൽപ്പിച്ച് സോണിയയോട് ദേവഗൗഡ പക വീട്ടുമെന്ന പേടി കൊണ്ടാണ് രാഹുൽ കേരളത്തിലേക്ക് പോയത്''. ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

നേരത്തെ ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇതേ ശൈലിയില്‍ ശബരിമല കൂടി ഉള്‍ക്കൊള്ളിച്ചാണ് രാഹുല്‍ ഗാന്ധിയേയും ഒപ്പം സിപിഎമ്മിനേയും പ്രധാനമന്ത്രി കടന്നാക്രമിച്ചത്. ശബരിമല പ്രചാരണവിഷയമാക്കി കേരളത്തിലെ ബിജെപി പ്രചാരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് അടുത്താഴ്ച്ച കേരളത്തിലേക്ക് വരാനിരിക്കുന്ന പ്രധാനമന്ത്രി ശബരിമല വിഷയത്തില്‍ സിപിഎം-രാഹുല്‍ ഒത്തുകളി ആരോപിക്കുന്നത്. 

click me!