രക്തസാക്ഷികളെ രാജ്യദ്രോഹികളാക്കിയ പ്രഗ്യ സിങും മോദിയും മാപ്പ് പറയണം: കോൺഗ്രസ്

By Web TeamFirst Published Apr 19, 2019, 5:50 PM IST
Highlights

മാതൃകാ പെരുമാറ്റച്ചട്ടമാണോ മോദി പെരുമാറ്റച്ചട്ടമാണോ രാജ്യത്ത് പിന്തുടരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.

ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെക്കെതിരെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‍.

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ രാജ്യദ്രോഹികൾ എന്നു മുദ്രകുത്തുകയാണ് ബിജെപി. രക്തസാക്ഷികളെ രാജ്യദ്രോഹികൾ എന്നു വിളിച്ചവരുടെ പാർട്ടിക്ക് വേണ്ടി മോദി  മാപ്പ് പറയണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. 

വീരമൃത്യു വരിച്ച ഹേമന്ത് കർക്കറയെ പ്രഗ്യ സിങ് അപമാനിച്ചു. പ്രഗ്യസിങ് ഠാക്കൂർ ഭീകരവാദികളുടെ സുഹൃത്താണ്‌. അവരുടെ പ്രസ്താവനയിലൂടെ പാക് ഭീകരൻ അജ്മൽ കസബിന്‍റെ സുഹൃത്തുക്കൾ ബിജെപിയിൽ ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. 

മാതൃകാ പെരുമാറ്റച്ചട്ടമാണോ മോദി പെരുമാറ്റച്ചട്ടമാണോ രാജ്യത്ത് പന്തുടരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നെന്നാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന.

തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും  പ്രഗ്യ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈയടികളോടെയാണ് പ്രഗ്യയുടെ വാക്കുകളെ കൂടെയെത്തിയ ബിജെപി നേതാക്കൾ വരവേറ്റത്.

പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വാക്കുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എൽ കാന്ത റാവു അറിയിച്ചു.

click me!