മോദി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ: മൃഗീയ ഭൂരിപക്ഷത്തിന് സാധ്യതയില്ല

By Web TeamFirst Published May 19, 2019, 10:04 PM IST
Highlights

ബിജെപി അവകാശപ്പെട്ടത് പോലെ 'മോദി സുനാമി'യില്ല എന്ന് തന്നെയാണ് എക്സിറ്റ് പോളുകൾ പറയുന്നത്. പക്ഷേ, അതൊന്നും അധികാരത്തിലെത്തുന്നതിൽ നിന്ന് ബിജെപിക്ക് തടസ്സവുമാകില്ല. 

ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടുന്ന ഒറ്റപ്പാർട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കോൺഗ്രസിന് 2014-ലെ 44 എന്ന സംഖ്യയിൽ നിന്ന് മുന്നേറാനാകുമെന്നും പക്ഷേ, സഖ്യ കക്ഷികളും മഹാസഖ്യവും ചേർന്നാലും എൻഡിഎയെ മറികടക്കാൻ കഴിയില്ലെന്നുമാണ് എക്സിറ്റ് പോളുകൾ പറയുന്നത്. 

അതേസമയം, ഉത്തർപ്രദേശിൽ എസ്‍പി - ബിഎസ്‍പി സഖ്യം ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും അഭിപ്രായപ്പെടുന്നു. പശ്ചിമബംഗാളിൽ മമതാ ബാന‍ർജിയുടെ അപ്രമാദിത്തത്തിന് മോദി തരംഗം ഇടിവുണ്ടാക്കിയേക്കുമെന്ന് ചില എക്സിറ്റ് പോളുകളെങ്കിലും പറയുന്നു. 

സർവേ ഫലങ്ങൾ ഇങ്ങനെ :

റിപബ്ലിക്ക് ടി വി

ഇന്ത്യയിലെ ഏറ്റവും വലിയ എക്സിറ്റ് പോൾ എന്ന അവകാശവാദത്തോടെ രണ്ട് എക്സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. 287 സീറ്റുകൾ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി സി വോട്ടറുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകളും യുപിയിലെ എസ്‍പി, ബിഎസ്‍പി സഖ്യം 40 സീറ്റുകൾ നേടുമെന്ന് സി വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർ 87 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ചുരുക്കത്തിൽ എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127

300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.

ടൈംസ് നൗ

എൻഡിഎ 306 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ- വിഎംആ‌ർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ലഭിക്കുമെന്ന് ടൈംസ് നൗ സ‌‌ർവ്വേ പറയുന്നു. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. ബിജെപിക്ക് ആകെ 262 സീറ്റുകൾ കിട്ടുമെന്നാണ് പ്രവചനം, കോൺഗ്രസിന് 78 സീറ്റുകൾ മാത്രം. 

സിഎൻഎൻ ന്യൂസ് 18

336 സീറ്റുകൾ എൻഡിഎക്ക് കിട്ടുമെന്നാണ് സിഎൻഎൻ ന്യൂസ് 18 ഐപിഎസ്ഓസ് സർവ്വേ പ്രവചിക്കുന്നത്. യുപിഎ 82 സീറ്റുകളിൽ ഒതുങ്ങുമെന്ന് പറയുന്ന സർവ്വേ മറ്റുള്ളവർക്ക് 124 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുന്നു.

എല്ലാ സര്‍വേകളും ബംഗാളിലും ഒഡിഷയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെപി മുന്നേറ്റം പ്രവചിക്കുന്നു. ബിഹാറിലും എൻ.ഡി.എ വ്യക്തമായ ആധിപത്യം നേടും . എന്നാൽ ദക്ഷിണേന്ത്യയിൽ കര്‍ണാടക ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വന്‍ മുന്നേറ്റമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ . ബി.ജെ.പിക്ക് നിര്‍ണായകമായ യു.പിയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്നത് എ.ബി.പി നീൽസണ്‍ സര്‍വേ മാത്രം . 33 സീറ്റ് ബി.ജെ.പിക്കെന്നാണ് ഫലം . മഹാസഖ്യത്തിന് 45 ഉം. ആദ്യം 22 ബി.ജെപിക്കെന്നായിരുന്നു പ്രവചനം. പിന്നേട് ഇത് തിരുത്തി . 277 സീറ്റ് നേടി കഷ്ടിച്ച് എൻ.ഡി.എ അധികാരത്തിൽ എത്തുമെന്ന് എ.ബി.പി എക്സിറ്റ് പോള്‍ ഫലം. ബി.ജെ.പിക്ക് മാത്രം  227 സീറ്റെന്നാണ് പ്രവചനം. എൻ.ഡി.എയ്ക്ക് 306 ഉം യു.പിഎയ്ക്ക് 132 ഉം മറ്റുള്ളവര്‍ക്ക് 104 ഉം കിട്ടുമെന്നാണ് ടൈംസ് നൗ  ഫലം . റിപ്പബ്ലിക്  ജൻകി ബാത്ത് എൻ.ഡി.എയ്ക്ക് 30-5 ഉം യു.പി.യ്ക്ക് 124 ഉം മറ്റുള്ളവര്‍ക്കും  മഹാസഖ്യത്തിന് 26 ഉം മറ്റുളവര്‍ക്ക് 87 ഉം കിട്ടുമെന്ന് പറയുന്നു. സീ വോട്ടര്‍  എൻ.ഡി.എയ്ക്ക് 287 ഉം യു.പി.എയ്ക്ക്  128 ഉം മഹാസഖ്യത്തിന്  40ഉം മറ്റുള്ളവര്‍  87 ഉം  കിട്ടുമെന്ന് പ്രവചിക്കുന്നു.  

കൂടുതൽ വായനക്ക്

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോളുകൾ; ഇടത് മുന്നണിക്ക് 13 സീറ്റെന്ന് ന്യൂസ് 18

 

click me!