മോദി ഇന്ന് രാഷ്ട്രപതിയെ കാണും: സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കും, 16-ാം ലോക്സഭ പിരിച്ചുവിട്ടു

By Web TeamFirst Published May 25, 2019, 3:12 PM IST
Highlights

യുവനേതാക്കളുടെ നിര പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. അരുൺ ജയ്‍റ്റ്‍ലി മന്ത്രിസഭയിലുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടാം നിര നേതൃത്വത്തെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ. 

ദില്ലി: പാർലമെന്‍ററി പാർട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുക്കാൻ ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകിട്ട് ചേരും. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. മോദി ഈ യോഗത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നത്തെ യോഗം ഔദ്യോഗിക ചടങ്ങ് മാത്രമാണ്.

ഇന്ന് രാവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും രാഷ്ട്രപതിയെ കണ്ടു. പുതിയ എംപിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി.

349 അംഗങ്ങളാണ് പതിനേഴാം ലോക്സഭയിൽ എൻഡിഎക്കുള്ളത്. ഇതിൽ 303 പേരും ബിജെപിയുടെ എംപിമാരാണ്. ഈ മാസം മുപ്പതിന് വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇതിന് മുമ്പ് നരേന്ദ്രമോദി വാരാണസിയും ഗാന്ധിനഗറും സന്ദർശിക്കും. 

ധനമന്ത്രിയായി അരുൺ ജയ്‍റ്റ്‍ലിക്ക് പകരം പിയൂഷ് ഗോയൽ എത്തിയേക്കും. നിലവിൽ ഊർജ, റെയിൽ വകുപ്പുകളുടെ മന്ത്രിയാണ് പിയൂഷ് ഗോയൽ. അനാരോഗ്യം കാരണം ജയ്‍റ്റ്‍ലിക്ക് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന. ഇത്തവണ സുഷമാ സ്വരാജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുമില്ല. 

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സൂചനകളാണ് വരുന്നത്. അങ്ങനെയെങ്കിൽ ആര് പാർട്ടിയെ നയിക്കുമെന്ന ചോദ്യവും ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവ് വേണം. ഇക്കാര്യത്തിൽ അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാകും. 

പ്രതിരോധമന്ത്രി നിർമലാ സീതാരാമന് ഇത്തവണയും പ്രധാനപ്പെട്ട വകുപ്പുണ്ടാകും. നിതിൻ ഗഡ്കരിക്ക് നല്ല വകുപ്പ് തന്നെ നൽകണമെന്ന് ആർഎസ്എസ്സിന്‍റെ നിർദേശമുണ്ട്. രാഹുൽ ഗാന്ധിയെ തറ പറ്റിച്ച സ്മൃതി ഇറാനിക്കും നല്ല വകുപ്പ് തന്നെ കിട്ടും. 

രാജ്‍നാഥ് സിംഗ്, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തൊമർ, പ്രകാശ് ജാവദേക്കർ എന്നിവർക്കും പുതിയ മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കും. സഖ്യകക്ഷികളിൽ നിന്ന് ശിവസേനയ്ക്കും ജെഡിയുവിനും കേന്ദ്രമന്ത്രിപദം കിട്ടിയേക്കും. മഹാരാഷ്ട്രയിലും ബിഹാറിലും പതിനെട്ടും പതിനാറും സീറ്റുകൾ നേടിയ സാഹചര്യത്തിലാണിത്. 

കൂടുതൽ സീറ്റുകൾ നേടിയെടുത്ത, പശ്ചിമബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ യുവനേതാക്കൾ കേന്ദ്രമന്ത്രിസഭയിലെത്തും. പുതിയ നേതാക്കളെ ബിജെപിയുടെ രണ്ടാം നേതൃത്വത്തിലെത്തിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. 

click me!