വാരണാസിയിൽ മോദിക്ക് വൻ ലീഡ്; പിന്തുണച്ചവരെ അഭിവാദനം ചെയ്ത് അമ്മ ഹീരാബെൻ

By Web TeamFirst Published May 23, 2019, 1:06 PM IST
Highlights

വാരണാസിയിൽ മോദി വമ്പിച്ച ലീഡുമായി മുന്നേറുമ്പോൾ ബിജെപി പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുകയാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ.

വാരണാസി: ലോക്സഭ തെരഞ്ഞെടുപ്പിൽ‌ വാരാണാസിയില്‍ രണ്ടാംതവണയും വിജയമുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെണ്ണല്‍ ആദ്യ അഞ്ച് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് നരേന്ദ്ര മോദി നേടുന്നത്. വമ്പിച്ച ലീഡുമായി മോദി മുന്നേറുമ്പോൾ ബിജെപി പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുകയാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ.   

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറിൽ തന്നെ മോദിയുടെ ​ഗാന്ധി ന​ഗറിലെ വീടിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മോദിയെ അഭിവാദ്യം ചെയ്തും മുദ്രാവാക്യം വിളിച്ചുമാണ് പാർട്ടി പ്രവർത്തകരും മോദിയെ പിന്തുണയ്ക്കുന്നവരും വീടിന് മുന്നിൽ അണിനിരന്നത്. അതിനിടയിൽ ഹീരബെൻ വീടിന് പുറത്തെത്തി ആളുകളെ അഭിവാദനം ചെയ്തു.  

വോട്ടെടുപ്പ് നടന്ന ഏപ്രിൽ 23-ന് അമ്മയുടെ അനു​ഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. ഹീരാബെന്നിന്റെ കാൽതൊട്ടു വണങ്ങുന്ന ചിത്രവും മോദി പുറത്തുവിട്ടിരുന്നു. താൻ ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് മോദി ട്വീറ്റ് ചെയ്തു. നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വർഷങ്ങളിൽ രാജ്യത്തിന്റെ ​ഗതി നിർണ്ണയിക്കാൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തിനൊപ്പം വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നു.  
 
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് വാരണാസിയിൽ മോദി ജയിച്ചത്. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു മോദിയുടെ പ്രധാന എതിരാളി. 581022 വോട്ടുകള്‍ നേടി നരേന്ദ്ര മോദി മണ്ഡലം പിടിച്ചെടുത്തപ്പോൾ 209238 വോട്ടുകൾ നേടി അരവിന്ദ് കെജ്രിവാൾ രണ്ടാം സ്ഥാനത്തെത്തി. 

  


 

click me!