മോദിയുടെ പത്രികാ സമർപ്പണം ആഘോഷമാക്കാൻ ഒരുങ്ങി ബിജെപി; വാരണാസിയിൽ റോഡ് ഷോ ഇന്ന്

By Web TeamFirst Published Apr 25, 2019, 5:49 AM IST
Highlights

നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് വാരണാസിയിൽ നടക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. നാളെയാണ് മോദി വാരണാസിയിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുന്നത്. 

ദില്ലി: വാരണാസിയിൽ പ്രാധാന മന്ത്രി നരേന്ദ്രമോദിയുടെ നാമനിർദേശ പത്രിക സമർപ്പണം ആഘോഷം ആക്കാൻ ഒരുങ്ങി ബിജെപി. ഇന്ന് വാരണാസിയിൽ മോദിയുടെ റോഡ് ഷോ നടക്കും. മോദി തരംഗം സുനാമി ആയി മാറും എന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ വാരണാസിയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ നഗരം ചുറ്റി ദശാശ്വമേധ ഘട്ടിൽ അവസാനിക്കും. തുടർന്ന് ഗംഗ ആരതിയിലും മോദി സംബന്ധിക്കും. നാളെ 12 മണിക്കാണ് മോദി വാരണാസിയിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുന്നത്. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി ബിജെപി പ്രവര്‍ത്തകരെ കാണും. തുടർന്ന് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. യുപിയിൽ കടുത്ത മത്സരം നടക്കുമ്പോൾ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് മോദിയുടെ ശ്രമം.

ക്ഷേത്ര നഗരമായ കാശിയുടെ വിശ്വാസം തൊട്ടാണ് 2014ല്‍ നരേന്ദ്രമോദി വാരണാസിയിൽ വോട്ട് തേടാൻ എത്തിയത്. മലിനമായ ഗംഗയെ ശുദ്ധികരിക്കും, കാശി കോറിഡോർ,അങ്ങനെ വാഗ്ദാനങ്ങൾ ഏറെ. മൂന്ന് ലക്ഷത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ നിന്ന് വിജയിച്ച മോദിയെന്ന പ്രധാനമന്ത്രി വീണ്ടും ജനവിധി തേടി വരാണസിയിലെത്തുമ്പോൾ മോദി തരംഗം പ്രവർത്തിക്കുമെന്നാണ്‌ ബിജെപി യുടെ അവകാശവാദം. 

click me!