രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം; ഒളിയമ്പുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

By Web TeamFirst Published Apr 1, 2019, 11:16 AM IST
Highlights

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കും വേദനിക്കും എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കും വേദനിക്കും എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. അപ്രിയ സത്യങ്ങൾ തുറന്നുപറയേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ആ സമയത്ത് അത് തുറന്ന് പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലത്തിൽ ഇടതുപക്ഷത്തിനെതിരെ നേരിട്ടുള്ള മത്സരത്തിന് രാഹുൽ ഗാന്ധി തയ്യാറാകരുതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് അഭിപ്രായമുണ്ട്. ചിലർ ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ അനിശ്ചിതമായി നീണ്ട സമയത്ത് കോൺഗ്രസിനുള്ളിൽ നടന്ന വിഭാഗീയ അടിയൊഴുക്കുകളും കെപിസിസി പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തുന്നതിനെതിരെ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് മുല്ലപ്പള്ളി നേരത്തേ ആരോപിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സമയം ആയിട്ടില്ലെന്നും തുറന്നുപറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കും വേദനിക്കും എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിൽ കോടിയേരിക്കും അമിത്ഷായ്ക്കും ഒരേ സ്വരമെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പിണറായി പിച്ചും പേയും പറയുകയാമെന്നും

വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിനും ഇടതുപക്ഷത്തിനും ഏതിരേയാണ് വിമർശനം തൊടുക്കുന്നതെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗത്തിനുനേരെയും മുല്ലപ്പള്ളിയുടെ വാക്കുകളിൽ ഒളിയമ്പുകളുണ്ട്.

click me!