നമോ ടിവിയുടെ ഉള്ളടക്കം പരിശോധിക്കണം; ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

By Web TeamFirst Published Apr 10, 2019, 1:25 PM IST
Highlights

നമോ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കങ്ങൾ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും പരിപാടികൾക്ക് നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 
 

ദില്ലി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. നമോ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കങ്ങൾ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും പരിപാടികൾക്ക് നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 

നമോ ടിവി എന്ന ചാനൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് നമോ ടിവിയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം.  
 
ഇതിന് പിന്നാലെയാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. മാർച്ച് 31-നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.  

click me!