
ദില്ലി: പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തത്സമയവാർത്താ സംപ്രേഷണം നടത്തുന്ന നമോ ടിവിയെച്ചൊല്ലി വിവാദം കത്തുമ്പോൾ വിശദീകരണക്കുറിപ്പുമായി ടാറ്റാ സ്കൈ സിഇഒ ഹരിത് നാഗ്‍പാൽ. നമോ ടിവി ഹിന്ദി വാർത്താ ചാനലല്ലെന്നും ഇന്‍റർനെറ്റ് വഴി പരസ്യ ഉള്ളടക്കം മാത്രം സംപ്രേഷണം ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്നുമാണ് ടാറ്റാ സ്കൈ സിഇഒയുടെ വിശദീകരണം. ദേശീയ രാഷ്ട്രീയത്തിലെ ബ്രേക്കിംഗ്, തത്സമയവാർത്തകൾക്കായി 'ഒരു ഹിന്ദി ന്യൂസ് സർവീസ്' എന്നായിരുന്നു നമോ ടിവിയെക്കുറിച്ച് നേരത്തേ ടാറ്റാ സ്കൈ ട്വീറ്റ് ചെയ്തത്.
അതേസമയം, ബിജെപിയിൽ നിന്നാണ് നമോ ടിവിയുടെ ഉള്ളടക്കം ടാറ്റാ സ്കൈയ്ക്ക് കിട്ടുന്നതെന്ന് സിഇഒ വിശദീകരിക്കുന്നു. ഇന്‍റർനെറ്റ് വഴിയാണ് നമോ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കം ടാറ്റാ സ്കൈയ്ക്ക് കിട്ടുന്നത്. അതുകൊണ്ടു തന്നെ ഇതിന് ലൈസൻസ് ആവശ്യമില്ലെന്നാണ് ഹരിത് നാഗ്‍പാൽ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ലെന്ന് ഇന്നലെത്തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമാണ് ഐ&ബി മന്ത്രാലയത്തിന്‍റെ നിലപാട്. നിലവിൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും നമോ ടി വി ലഭ്യമാണ്.
കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് നമോ ടിവി ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐ & ബി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഈ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇതേ പേരിലുള്ള വെബ്‍സൈറ്റിന്‍റെ ഡൊമൈൻ നെയിം റജിസ്റ്റർ ചെയ്തിരിക്കുന്നതും അജ്ഞാതൻ എന്ന പേരിലാണ്. ബിജെപി ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ചാനൽ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്. ബിജെപിയുടെ ഔദ്യോഗിക ഹാൻഡിൽ ഏറ്റവുമൊടുവിൽ പുറത്തുവിട്ട ട്വീറ്റിൽപ്പോലും മോദിയുടെ പരിപാടി തത്സമയം നമോ ടിവിയിൽ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.
മാർച്ച് 31-നാണ് നമോ ടിവി എന്ന ചാനൽ തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തു.
എന്നാൽ ചട്ടം നിലവിൽ വന്ന ശേഷം ഇത്തരമൊരു ചാനൽ തുടങ്ങാൻ ബിജെപിക്ക് എങ്ങനെ കഴിയുമെന്നാണ് ആം ആദ്മി പാർട്ടി ചോദിക്കുന്നത്. ഐ&ബി മന്ത്രാലയത്തിന്‍റെ അംഗീകരിക്കപ്പെട്ട ടിവി ചാനൽ പട്ടികയിൽ നമോ ടിവി എന്നൊരു ചാനലില്ല. ആ സാഹചര്യത്തിൽ ഇത്തരമൊരു ചാനൽ സംപ്രേഷണം ചെയ്യുന്നതെങ്ങനെ എന്ന് കോൺഗ്രസും ചോദിക്കുന്നു.
അതേസമയം, ഏപ്രിൽ 3-നുള്ള ട്വീറ്റിന് ശേഷം, നമോ ടിവിയുടെ പേര് പരാമർശിച്ചുള്ള ഒരു ട്വീറ്റും ബിജെപി ഇന്ത്യ എന്ന പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് പുറത്തു വിട്ടിട്ടുമില്ല.