നമോ ടിവി വിവാദം: പരിപാടികൾ മുൻകൂർ പരിശോധനക്ക് സമർപ്പിച്ചതായി റിപ്പോർട്ട്

By Web TeamFirst Published Apr 13, 2019, 1:20 PM IST
Highlights

പരിശോധനക്ക് വിധേയമാക്കി മുൻ കൂർ അനുമതി വാങ്ങിയ പരിപാടികൾ മാത്രമേ പ്രക്ഷേപണം ചെയ്യൂ എന്ന് ബിജെപി ഇലക്ഷൻ കമ്മീഷന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. 

ദില്ലി: ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തിന് പിന്നാലെ ബിജെപി നമോ ടിവിയുടെ ഉള്ളടക്കം പരിശോധനക്കായി സമർപ്പിച്ചതായി റിപ്പോ‍ർട്ട്. പരിശോധനക്ക് വിധേയമാക്കി മുൻ കൂർ അനുമതി വാങ്ങിയ പരിപാടികൾ മാത്രമേ പ്രക്ഷേപണം ചെയ്യൂ എന്ന് ബിജെപി ഇലക്ഷൻ കമ്മീഷന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. 

നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാൻ ആരംഭിച്ച നമോ ടിവി എന്ന ചാനൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് നിര്‍ദ്ദേശിച്ചത്. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം.  
 
ഇതിന് പിന്നാലെയാണ് ചാനലിന്‍റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. മാർച്ച് 31-നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.  

click me!