വോട്ടെടുപ്പ് അവസാനിച്ചു; നി​ഗൂഢമായി മറഞ്ഞ് നമോ ടിവി

By Web TeamFirst Published May 20, 2019, 7:25 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യക്ഷമായ നമോ ടിവി വോട്ടെടുപ്പ് കഴിഞ്ഞതോടെ അപ്രത്യക്ഷമായിരിക്കുകയാണ്. 

ദില്ലി: വോട്ടെടുപ്പ് അവസാനിച്ചതോടെ വിവാദ ചാനലായ നമോ ടിവിയെ കാണാനില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യക്ഷമായ നമോ ടിവി വോട്ടെടുപ്പ് കഴിഞ്ഞതോടെ അപ്രത്യക്ഷമായിരിക്കുകയാണ്. മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അതേമാസം 26-നാണ് നമോ ടിവി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേക്ഷണം ചെയ്യാൻ ബിജെപി ആരംഭിച്ചതാണ് നമോ ടിവി എന്ന് തുടക്കത്തിൽതന്നെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ചാനൽ ഒരു പ്രചാരണ യന്ത്രമാണെന്നും പ്രതിപക്ഷകക്ഷികൾ ആരോപിച്ചു. തുടർന്ന് നമോ ടിവി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ നൽകി പരാതിയെ തുടർന്ന് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. 

അതേസമയം, നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഡിടിഎച്ച് ഓപ്പറേറ്റർമാരായ ടാറ്റ സ്കൈ, ഡിഷ് ടിവി, വീഡിയോ കോൺ എന്നിവ നമോ ടിവി സൗജന്യമായി സംപ്രേക്ഷണം ചെയ്തിരുന്നു.


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!