പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

By Web TeamFirst Published Apr 26, 2019, 11:47 AM IST
Highlights

വാരാണസിയിലെ കളക്ട്രേറ്റിലെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. നരേന്ദ്രമോദിയുടെ നാമനിർദ്ദേശപത്രികയിൽ പേരു നിർദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ആണ് . 

വാരാണസി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. 

ചൗക്കിദാര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രികയിൽ പേരു നിർദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ആണ് ഒപ്പുവച്ചത്. അദ്ധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ പേരു നിർദ്ദേശിച്ച മറ്റുള്ളവർ. 

കാലഭൈരവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. അമിത് ഷാ അടക്കം മുതിര്‍ന്ന നേതാക്കൾ നേരത്തെ തന്നെ കളക്ടേറ്റിൽ എത്തി മോദിയെ കാത്ത് നിന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നരേന്ദ്രമോദിയെ സ്വീകരിച്ചു. എൻഡിഎയുടെ ഐക്യപ്രകടനം എന്ന നിലയിൽ പത്രികാ സമര്‍പ്പണത്തെ മാറ്റിയെടുക്കാനാണ് ബിജെപി ശ്രമിച്ചത്.  

വാരാണസിയിൽ പത്രിക സമര്‍പ്പിച്ച ശേഷം തിരക്കിട്ട തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളാണ് നരേന്ദ്ര മോദിക്ക് ഉള്ളത്. വലിയ ഉത്സവമായി തന്നെ പത്രികാ സമര്‍പ്പണം മാറ്റിയെടുക്കാനാണ് ബിജെപിയും തയ്യാറെടുത്തത്. ഒരു മണ്ഡലത്തിൽ നിന്ന് മാത്രമാണ് നരേന്ദ്ര മോദി ഇത്തവണ ജനവിധി തേടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

പഴമയേക്കാൾ പഴക്കമുള്ള മണ്ഡലം എന്നാണ് വാരാണസി പൊതുവെ അറിയപ്പെടുന്നത്. ക്ഷേത്ര നഗരം കൂടിയായ വാരാണസിയുടെ വികസനം കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വലിയ ചര്‍ച്ചയായിരുന്നു. വാരാണസിക്കപ്പുറം കിഴക്കൻ ഉത്തര്‍പ്രദേശിലെ മറ്റ് മണ്ഡലങ്ങളിൽ കൂടി ശ്രദ്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് നരേന്ദ്രമോദി വരും ദിവസങ്ങളിൽ ശ്രമിക്കുക എന്നാണ് വിവരം. 

click me!