'സര്‍ദാര്‍ പ്രതിമ' സ്ഥാപിച്ചത്‌ നെഹ്‌റുവിനെ താഴ്‌ത്തിക്കെട്ടാനല്ലെന്ന്‌ മോദി

By Web TeamFirst Published Apr 18, 2019, 5:47 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന്‌ ഗൂഗിളില്‍ തെരയുമ്പോള്‍ ഗുജറാത്തിന്റെ പേര്‌ കാണാനാവുന്നതില്‍ അഭിമാനം തോന്നുന്നില്ലേ എന്ന്‌ മോദി ജനങ്ങളോട്‌ ചോദിക്കുകയും ചെയ്‌തു.

അഹമ്മദാബാദ്‌: സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ താഴ്‌ത്തിക്കെട്ടാനല്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി. പട്ടേല്‍ തങ്ങളുടെ സ്വന്തമാണെന്ന്‌ അവകാശപ്പെടുന്ന പ്രതിപക്ഷ നേതാക്കളിലാരും ഇതുവരെ അദ്ദേഹത്തിന്റെ ഏകതാപ്രതിമ കാണാന്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിന്‌ കാരണം കോണ്‍ഗ്രസ്സാണെന്നും മോദി ആരോപിച്ചു.

ഗുജറാത്തിലെ അമ്രേലിയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. പട്ടേലിന്റെ പ്രതിമ വളരെയധികം ഉയര്‍ന്നതാണ്‌ എന്നു കരുതി മറ്റുള്ളവര്‍ ചെറുതാണെന്ന്‌ വിചാരിക്കേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന്‌ ഗൂഗിളില്‍ തെരയുമ്പോള്‍ ഗുജറാത്തിന്റെ പേര്‌ കാണാനാവുന്നതില്‍ അഭിമാനം തോന്നുന്നില്ലേ എന്ന്‌ മോദി ജനങ്ങളോട്‌ ചോദിക്കുകയും ചെയ്‌തു.

ജമ്മുകശ്‌മീരിലെ മൂന്ന്‌ ജില്ലകളില്‍ മാത്രമായി തീവ്രവാദം പരിമിതപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചെന്നും മോദി അവകാശപ്പെട്ടു. മുമ്പൊക്കെ പൂനെയിലും അഹമ്മദാബാദിലും ഹൈദരാബാദിലും ജമ്മു കശ്‌മീരിലുമെല്ലാം ബോംബ്‌സ്‌ഫോടനങ്ങള്‍ പതിവായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും അങ്ങനെ ഇടയ്‌ക്കിടെയുള്ള ബോംബ്‌ സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടോ എന്നും മോദി ചോദിച്ചു. "കശ്‌മീരിലെ നിലവിലെ പ്ര്‌ശനങ്ങള്‍ക്ക്‌ ഞാനാണോ കാരണം? കോണ്‍ഗ്രസ്‌ സ്വീകരിച്ച നയങ്ങള്‍ കാരണമാണ്‌ 70 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത്‌." മോദി ആരോപിച്ചു.

click me!