ജോസഫ് ആദരണീയനായ നേതാവ്: നീതി നിഷേധമുണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി

By Web TeamFirst Published Mar 16, 2019, 9:20 PM IST
Highlights

ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം പാലിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

കോട്ടയം: കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് ഒരു തരത്തിലുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി . കേരളാ കോണ്‍ഗ്രസിന്‍റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ്  പി ജെ ജോസഫ്.  രാജ്യസഭാ, ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ  അദ്ദേഹത്തോട്  നീതിനിഷേധം കാണിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ലോക്‌സഭാ സീറ്റിന്‍റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നിലെത്തി. സ്ഥാനാർത്ഥിയാകണമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫ്  ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. തുടർന്ന് സ്റ്റിയറിംഗ് കമ്മറ്റി ചേരുകയും അവിടെ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തു. തുടർന്ന് പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും ജോസ് കെ മാണി പത്രക്കുറിപ്പിലൂടെ  പറഞ്ഞു. 

തനിക്കും ജോസ് കെ മാണിക്കും കേരളാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇരട്ടനീതിയാണ് കിട്ടിയതെന്ന് ജോസഫ് നേരെത്തെ വിമർശനമുന്നയിച്ചിരുന്നു. പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും  അതിൽ അമര്‍ഷമുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കിയിൽ കോൺഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പിൻമാറുകയാണെന്നും പിജെ ജോസഫ് വിശദീകരിച്ചു.
 

click me!