ആറ്റിങ്ങലിന് പ്രകാശമേകാന്‍ 'ഞാന്‍ പ്രകാശ്'; പോസ്റ്ററിലെ പുത്തന്‍ ട്രെന്‍ഡ്

By Web TeamFirst Published Mar 20, 2019, 5:51 PM IST
Highlights

 സിനിമ ഗാനങ്ങളുടെ പാരഡിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്ന കാലമൊക്കെ അവസാനിച്ചപ്പോള്‍ ഇപ്പോള്‍ സിനിമ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാനാര്‍ഥിയുടെ പ്രചാരണം ഉഷാറാക്കാനാണ് പാര്‍ട്ടികളുടെ ശ്രമം

തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പിലും ഓരോ രീതിയിലാകും പാര്‍ട്ടികള്‍ പ്രചാരണമെന്ന മഹാഅങ്കത്തിന് ഇറങ്ങുക. സോഷ്യല്‍ മീഡിയയുടെ കാലമായതോടെ വീടുകള്‍ കയറിയുള്ള വോട്ട് പിടിത്തവും പൊതു യോഗങ്ങള്‍ക്കും ഒപ്പം ഫേസ്ബുക്കിലും ട്വിറ്ററുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച് തുടങ്ങി.

സിനിമ ഗാനങ്ങളുടെ പാരഡിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്ന കാലമൊക്കെ അവസാനിച്ചപ്പോള്‍ ഇപ്പോള്‍ സിനിമ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാനാര്‍ഥിയുടെ പ്രചാരണം ഉഷാറാക്കാനാണ് പാര്‍ട്ടികളുടെ ശ്രമം. അത്തരമൊരു പോസ്റ്ററാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആറ്റിങ്ങലില്‍ എത്തിയ അടൂര്‍ പ്രകാശിന്‍റെ പോസ്റ്ററാണ് ഹിറ്റായി മാറിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം അവസാനമെത്തി തീയറ്ററില്‍ തരംഗം തീര്‍ത്ത ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ പോസ്റ്ററാണ് അടൂര്‍ പ്രകാശിന്‍റെ ചിത്രം ഉള്‍പ്പെടുത്തി പ്രചാരണ രംഗത്ത് എത്തിച്ചിരിക്കുന്നത്.

പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരുന്നത്. അതിനാല്‍ സ്ഥാനാര്‍ഥിയുടെ പേരുമായുള്ള സാമ്യവും പോസ്റ്റര്‍ മികച്ചതാവാന്‍ കാരണമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്. 

 

click me!