
അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ കർഷകർ മത്സരിക്കാനൊരുങ്ങുന്നു.
തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽനിന്നുള്ള അമ്പതോളം കർഷകരാണ് മോദിക്കെതിരെ മത്സരിക്കുക. മഞ്ഞളിന്റെ താങ്ങുവില ഉയർത്തുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിൽ ഉയർത്തിക്കാട്ടാനാണ് കർഷകർ വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് മഞ്ഞൾ കർഷക അസോസിയേഷൻ പ്രസിഡന്റ് പികെ ദൈവസിങ്കമണി പറഞ്ഞു.
ഏപ്രിൽ 11-ന് തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പിൽ 178 കർഷകർ മത്സരിച്ച മണ്ഡലമാണ് നിസാമാബാദ്. മഞ്ഞൾ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ചാണ് നിസാമാബാദിൽ കർഷകർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ദേശീയ മഞ്ഞൾ കർഷക അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കർഷകർ മത്സരിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയ്ക്കെതിരെയാണ് നിസാമാബാദിൽ കർഷകർ കൂട്ടമായി മത്സരിച്ചത്.
അർമൂർ, ബാൽക്കോണ്ട, നിസാമാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രധാനമായും വാരണാസിയിൽ മത്സരിക്കുക. നിസാമാബാദിൽ നിന്ന് സ്ഥാനർത്ഥികൾ ഏപ്രിൽ 25-ന് വാരണാസിയിസേക്ക് പുറപ്പെടും. ഇവരെ കൂടാതെ തമിഴ് നാട്ടിൽനിന്നുള്ള 50 കർഷകരും വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുകയാണ്. നിസാമാബാദിൽ നിന്ന് പുറപ്പെട്ട കർഷകർ തമിഴ് നാട്ടിലെ ഈറോഡിൽനിന്ന് ബാക്കി 50 കർഷകരുമായാണ് വാരണാസിയിലേക്ക് പുറപ്പെടുക.
ഇത് സംബന്ധിച്ച് മഞ്ഞൾ കർഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ നരസിംഹ നായിഡു കർഷകരുമായി കൂടിക്കാഴ്ച നടത്തി. വാരണാസിയിൽ ഏതെങ്കിലും പാർട്ടിക്കോ നേതാവിനോ എതിരെ പ്രചാരണം നടത്തില്ല. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പികെ ദൈവസിങ്കമണി പറഞ്ഞു.