വയനാട്ടിൽ അവ്യക്തത തുടരുന്നു; രണ്ട് സീറ്റില്‍ മത്സരിക്കുന്നത് രാഹുൽ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ്

By Web TeamFirst Published Mar 26, 2019, 12:03 PM IST
Highlights

രാഹുലിന്‍റെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം ആയില്ലെന്ന് കോണ്‍ഗ്രസ്. രണ്ട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്ന് സുർജേവാല.
 

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം ആയില്ലെന്ന് കോണ്‍ഗ്രസ്. രണ്ടിടത്ത് മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പോലും രാഹുല്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഒരിടത്ത് മാത്രമാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ അത് അമേഠിയിലാകും. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിക്കുന്നെങ്കിൽ മാത്രമേ വയനാട് പരിഗണിക്കൂ എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേരളം, തമിഴ്‍നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും രാഹുലിന് ക്ഷണമുണ്ട്. എല്ലാ ആവശ്യങ്ങളും മാനിക്കുന്നു. പക്ഷേ,  അമേഠിയ്ക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. എടുത്താൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വയനാട്ടില്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെയാണ് പന്ത്രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തുവിട്ടത്.

Also Read: രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം, 12-ാം പട്ടികയിലും വടകരയും വയനാടുമില്ല; അനിശ്ചിതത്വം തുടരുന്നു

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. താന്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: വയനാട്ടിലെ സ്ഥാനാർത്ഥിത്വം: തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളോട്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. അമേഠിയ്ക്ക് പുറമേ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു.

click me!