രാഹുൽ വരില്ലേ? മിണ്ടാട്ടം മുട്ടി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ; യുഡിഎഫ് അങ്കലാപ്പിൽ

By Web TeamFirst Published Mar 28, 2019, 11:28 AM IST
Highlights

ദക്ഷിണ ഇന്ത്യയിൽ ഒരു സീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിച്ചേക്കുമെന്നും കേരളം അത് ആവശ്യപ്പെടണമെന്നും മാത്രമാണ് ദില്ലിയിൽ നിന്നെത്തിയ സന്ദേശം. അതിനെ ഉമ്മൻചാണ്ടി രാഹുൽ വരുന്നെന്നാക്കി . ചെന്നിത്തല ഉറപ്പിച്ചു. മുല്ലപ്പള്ളി അടിവരയിട്ടു. 

രാഹുൽ വരുമോ ? വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകുമോ? കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കഴിഞ്ഞ നാല് ദിവസം നിരന്തരം ചര്‍ച്ച ചെയ്ത ചോദ്യമായിരന്നു. ഉത്തരം ആര്‍ക്കുമുണ്ടായിരുന്നില്ല, ചിരിച്ച് തള്ളി രാഹുൽ സമയമായിട്ടില്ലെന്ന് ഹൈക്കമാന്‍റ് , ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. 

വൈകിയെത്തിയെങ്കിലും ഒട്ടും വൈകാതെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ടി സിദ്ദിഖ് മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിത നീക്കങ്ങൾ. രാഹുൽ ഗന്ധി കേരളത്തിൽ മത്സരിക്കാൻ വരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടിയാണ്. ഒരു പടികൂടി കടന്ന് സ്ഥാനാര്‍ത്ഥിത്വം രാഹുൽ ഗാന്ധി അംഗീകരിച്ചെന്നും ഇന്ന് തന്നെ തീരുമാനിക്കുമെന്നും പറഞ്ഞുകളഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്നാലെ ഇടുക്കിയിലെ പാര്‍ട്ടിയോഗത്തിൽ ഉമ്മൻചാണ്ടി അതിന് അടിവരയിടുകയും അന്തിമ പ്രഖ്യാപനം തന്‍റെ വാര്‍ത്താസമ്മേളനത്തിൽ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തതോടെ രാഹുലിന്‍റെ വരവ് ഉൾക്കെള്ളാൻ രാഷ്ട്രീയ കേരളം സജ്ജമായി. 

അണികളാകെ ആവേശത്തിൽ. ഒന്നിന് പിന്നാലെ ഒന്നായി പ്രതികരണങ്ങളെത്തി. വയനാട്ടിലെ പ്രചാരണ ചൂടിലേക്ക് എടുത്തു ചാടിയ ടി സിദ്ദിഖ് പെട്ടെന്ന് കരയ്ക്ക് കയറി കോൺഗ്രസ് അധ്യക്ഷനെ വരേറ്റു. വയനാട്ടിലെ യുഡിഎഫ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുക്കത്തേക്ക് പുറപ്പെട്ട പാണക്കാട് തങ്ങൾ എന്നാലിനി രാഹുൽ വന്നിട്ട് മതിയെന്ന മട്ടിൽ പകുതി വഴി പോയി തിരിച്ച് പോന്നു. 

വയനാട്ടിൽ രാഹുലെങ്കിൽ കേരളത്തിൽ ഇരുപതിൽ ഇരുപതു സീറ്റുമെന്ന് കോൺഗ്രസ് അവകാശവാദം. ഒപ്പം കര്‍ണാടകയിലും തമിഴ്നാട്ടിലും  അടക്കം നേടാവുന്ന അധിക സീറ്റുകളും. ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തവണ രാഹുൽ തരംഗം ആഞ്ഞടിക്കുമെന്ന് വിശ്വസിച്ച അണികളുടെ ആവേശത്തിന്  നിമിഷങ്ങളും മണിക്കൂറുളും ദിവസങ്ങളും പിന്നിട്ടിട്ടും പക്ഷെ ദില്ലിയിൽ നിന്ന് മറുപടി ഉണ്ടായില്ല. 

ആവേശം അനിശ്ചിതത്വത്തിന് വഴിമാറിയതും ആത്മവിശ്വാസം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായി ചുരുങ്ങിയതുമൊക്കെ വളരെ പെട്ടെന്നാണ്.  സ്ഥാനാര്‍ത്ഥിയാരെന്ന് അറിയാത്ത വയനാട്ടിൽ യുഡിഎഫ് പ്രചാരണം നിര്‍ത്തി.  വയനാട്ടിൽ മാത്രമല്ല സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കാത്ത വടകരയിലേക്കും അവിടവും പിന്നിട്ട്  കേരളത്തിലെ യുഡിഎഫ് ക്യാന്പിലൊന്നാകെയും ആ മൂകത പ്രതിഫലിക്കുകയും ചെയ്തു. 

കേന്ദ്ര നേതൃത്വം പറഞ്ഞതും കേരളം കേട്ടതും 

രാഹുലിന്‍റെ വരവിൽ ക്രഡിറ്റടിക്കാനുള്ള കേരള നേതാക്കളുടെ തിടുക്കമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കാനിടയുണ്ടായിരുന്ന ഒരു ക്ലൈമാക്സിനെ ആന്‍റി ക്ലൈമാക്സ് ആക്കിയതെന്ന വിമര്‍ശനം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഉണ്ട്. ദക്ഷിണ ഇന്ത്യയിൽ ഒരു സീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിച്ചേക്കുമെന്നും കേരളം അത് ആവശ്യപ്പെടണമെന്നും മാത്രമാണ് ദില്ലിയിൽ നിന്നെത്തിയ സന്ദേശം. അതിനെ ഉമ്മൻചാണ്ടി രാഹുൽ വരുന്നെന്നാക്കി . ചെന്നിത്തല ഉറപ്പിച്ചു. മുല്ലപ്പള്ളി അടിവരയിട്ടു. ഇതാണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള സാവകാശം അണികൾക്ക് കിട്ടും മുൻപെ ആവേശം കൈവിട്ടു പോകുകയും ചെയ്തു. അതായത് രാഹുൽ സ്ഥാനാര്‍ത്ഥി എത്തുമ്പോൾ ഉണ്ടാകുമായിരുന്ന വലിയ നേട്ടം രാഹുൽ വന്നാലും ഇല്ലെങ്കിലും അതിന്‍റെ സംവിധാന മികവ്  അവകാശപ്പെടാനിടയില്ലാത്ത വിധം യുഡിഎഫിനെതിരാക്കിതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് ചുരുക്കം. 

നേതാക്കളുടെ മേളപ്പെരുക്കലിൽ ആവേശഭരിതരായി കോൺഗ്രസ് പ്രവർത്തകർ നിൽക്കെ ഇടതുപക്ഷത്തുനിന്ന് ആദ്യ പ്രതികരണം വന്നു, കോടിയേരിയുടെ. എല്ലാ കോൺഗ്രസ് നേതാക്കളും വയനാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബാക്കിയെല്ലായിടവും ഇടതുപക്ഷം നേടുമെന്ന വെറും നേരമ്പോക്ക്. യഥാർത്ഥ രാഷ്ട്രീയം ചോദിച്ച് ചർച്ച ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയത്  പിണറായി വിജയനാണ്. രാഹുൽ ആര്‍ക്കെതിരെയാണ് മത്സരിക്കേണ്ടതെന്ന് ചോദിച്ച പിണറായി വിജയനാണ് കോൺഗ്രസ് അധ്യക്ഷന്റെ കേരള സ്ഥാനാര്‍ത്ഥിത്വം ദേശീയരാഷ്ട്രീയ ചര്‍ച്ചയാക്കിയത്.  മോദി വിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ വികാരത്തിന് വിരുദ്ധമായി ഇടത്പക്ഷത്തോട് അങ്കത്തിനിറങ്ങുന്നതിൽ സിപിഎം രാഹുലിനെതിരെ സ്വരം കടുപ്പിച്ചു ഒപ്പം സീതാറാം യച്ചൂരി രാഹുലിനെ  അതൃപ്തി അറിയിക്കുകയും ചെയ്തു. പി സി ചാക്കോയെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇതേ ആശങ്ക രാഹുലിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയതാൽപര്യവും, സുരക്ഷിതമായ ദക്ഷിണേന്ത്യൻ മണ്ഡലവുമെന്ന ചിന്ത ഒരേസമയം വിലയിരുത്തി തീരുമാനമെടുക്കാൻ താമസം നേരിട്ടത്.

കേരളത്തിലെ അങ്കലാപ്പൊന്നും പക്ഷെ അങ്ങ് ദില്ലിയിൽ പ്രതിഫലിച്ചില്ലെന്ന് മാത്രമല്ല നാലഞ്ച് ദിവസത്തിനിടെ ഒരേ ചോദ്യം പലതവണ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുൽ തീരുമാനം എടുത്തില്ലെന്ന മറുപടി മാത്രമാണ് കിട്ടിയത്. രാഹുലിനെ കേരളത്തിലെത്തിക്കേണ്ടത് അഭിമാന പ്രശ്നം പിന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ തലയിലായത് സ്വാഭാവികം മാത്രം. 

രാഹുലിനെ പോലൊരാൾ അതും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മത്സരിക്കാൻ സന്നദ്ധനാകുന്പോൾ എടുക്കേണ്ട മുന്നൊരുക്കങ്ങളിൽ നയപരമായ തീരുമാനങ്ങളും ആസൂത്രണങ്ങളും വേണമെന്നിരിക്കെ രണ്ടിലൊരു തീരുമാനം പറയാൻ സമയമെടുത്തതിന് കേന്ദ്ര നേതൃത്വത്തിന് ന്യായീകരണം ഉണ്ട്. അമേഠിയിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന ബിജെപി വിമര്‍ശനത്തിനുള്ള മറുപടി മുതൽ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയാകുന്ന സഖ്യ സാധ്യതകളും വരെ വിലയിരുത്തിയാകണം സ്ഥാനാര്‍ത്ഥിത്വ തീരുമാനം. ബിജെപിക്ക് അത്ര വലിയ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 125 സീറ്റിൽ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കിയേക്കാവുന്ന അനുകൂല തരംഗം നിര്‍ണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവഗണിക്കാവുന്നതും ആയിരുന്നില്ല. 

അടുത്ത 23 ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന കേരളത്തിൽ ഇന്ന് മുതൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ എതിരാളികളും വരെ പത്രികാ സമര്‍പ്പണവുമായി മുന്നോട്ട് പോകുന്പോൾ ജയമുറപ്പെന്ന് കോൺഗ്രസ് അവകാശപ്പെടുന്ന വയനാട് സീറ്റിൽ സ്ഥാനാര്‍ത്ഥിയാരെന്ന് പോലും അറിയില്ല. ഫോട്ടോയില്ല, പോസ്റ്ററില്ല, പര്യടനമില്ല. പി ജയരാജനൊപ്പം കട്ടക്ക് നിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വടകരയിൽ കെ മുരളീധരന്‍റെ പേരും കോൺഗ്രസിന്‍റെ ഔദ്യോഗിക പട്ടികയിലില്ല. 

ഇനിയുള്ളത് 25 പ്രചാരണ ദിവസങ്ങൾ മാത്രം. ദില്ലിയിൽ നിന്ന് വെള്ള പുക കണ്ടെക്കുമെന്നല്ലാതെ രാഹുൽ വരുമോ ഇല്ലയോ എന്ന് തീര്‍ത്ത് പറയാൻ ആര്‍ക്കുമാകുന്നില്ല,  വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാരെന്ന് ചോദിച്ചാലും ഉത്തരമില്ല, ഇനി അവസാന നിമിഷം രാഹുൽ വന്നാലും ഇക്കണ്ട ദിവസങ്ങളിലെ അനിശ്ചിത്വം അണികളിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കാൻ കേരളത്തിലെ യുഡിഎഫ് ക്യാമ്പിന്‍റെ കയ്യിൽ എന്ത് മറുമരുന്ന് ഉണ്ടാകുമെന്നതും കണ്ടറിയണം.

click me!