സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു

By Web TeamFirst Published Mar 30, 2019, 7:53 AM IST
Highlights

എ പ്രദീപ്‍കുമാറും എം കെ രാഘവനും  പി ജയരാജനും ഇന്ന് കോഴിക്കോട് ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക നൽകും. പി രാജീവും ഇന്നസെന്‍റും എറണാകുളം ജില്ലാ കളക്ടർക്ക് മുമ്പാകെയും കെ സുരേന്ദ്രൻ പത്തനംതിട്ട ജില്ലാ കളക്ടർക്ക് മുമ്പാകെയും നാമനിർദേശ പത്രിക നൽകും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ്‍കുമാറും യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനും ഇന്ന് 11 മണിക്ക് നാമനിർദേശ പത്രിക നൽകും. വരണാധികാരിയായ കോഴിക്കോട് ജില്ലാ കളക്ടർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. 12 മണിയോടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും പത്രിക നൽകും.

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികളായ പി രാജീവും ഇന്നസെന്‍റും 11 മണിയ്ക്ക് എറണാകുളം ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കും. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പിതാവിന്‍റെ ശവ കുടീരത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ഇന്നസെന്‍റ് പത്രിക നൽകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ നാമനിർദേശ പത്രികാ സമർപ്പണം.

സംസ്ഥാനത്ത് ഇന്നലെ 5 സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക നൽകി. മലപ്പുറം ലീഗ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയാണ് ആദ്യം പത്രിക നൽകിയത്. മലപ്പുറം കളക്ടേറ്റിലെത്തിയാണ് പൊന്നാനിയിലെ ഇ ടി മുഹമ്മദ് ബഷീറും പത്രിക സമർപ്പിച്ചത്. സാദിഖലി തങ്ങളും ഒപ്പമുണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എത്തിയായിരുന്നു കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പത്രിക നൽകിയത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിക്ക് മുമ്പാകെയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ്ജ് പത്തനംതിട്ട കളക്ടർക്ക് മുമ്പാകെയും പത്രിക സമർപ്പിച്ചു

click me!