അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

By Web TeamFirst Published Apr 6, 2019, 9:14 PM IST
Highlights

തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയാണ് നോട്ടീസയച്ചത്. അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ചതിനാണ് നോട്ടീസയച്ചത്

തൃശ്ശൂർ: അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെര‌ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടുന്നു. 

48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. 

ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ:

''ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തിൽ ശരണം വിളികൾ) എന്‍റെ അയ്യപ്പൻ, എന്‍റെ അയ്യൻ.. നമ്മുടെ അയ്യൻ ... ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി ഈ കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ മുഴുവൻ ആ വികാരം അയ്യന്‍റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുണ്ടാകില്ല.''

പ്രത്യക്ഷത്തിൽത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ കൺവെൻഷന്‍റെ അവസാനം ഞാൻ ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാകും സുരേഷ് ഗോപിയുടെ വിശദീകരണം എന്നാണ് സൂചന. 

click me!