
സോലാപൂർ: ഇന്ത്യയെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റാന തനിക്ക് മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ സോലാപുറിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ സുശക്തമായ ഭരണമാണ് വേണ്ടത്. അതും തനിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ തവണ പൂർണ്ണ ശക്തിയാണ് നിങ്ങളെനിക്ക് നൽകിയത്. ഇക്കുറിയും അങ്ങിനെ തന്നെ വേണം. എങ്കിൽ മാത്രമേ എനിക്ക് ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ സാധിക്കൂ. എനിക്ക് മാത്രമേ കേന്ദ്രത്തിൽ ശക്തമായ സർക്കാരിനെ കൊണ്ടുവരാൻ സാധിക്കൂ. എനിക്ക് മാത്രമേ ഇന്ത്യയെ അതിശക്ത രാഷ്ട്രമാക്കി മാറ്റാൻ കഴിയൂ," അദ്ദേഹം പറഞ്ഞു.
"ഇന്ത്യയെ സൂപ്പർ പവറാക്കാൻ കേന്ദ്രത്തിൽ ഒരു സുസ്ഥിര സർക്കാർ വരണം. അല്ലാതെ നിസ്സഹായരായ സർക്കാർ വന്നതുകൊണ്ട് കാര്യമില്ല. അത്തരമൊന്നിനെ എനിക്ക് മാത്രമേ നൽകാനാവൂ. കോൺഗ്രസ്-എൻസിപി സഖ്യത്തിന് സാധിക്കില്ല," മോദി പറഞ്ഞു.