സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ കടുത്ത അമര്‍ഷമെന്ന് ജോസഫ്; തുടര്‍ നീക്കം യുഡിഎഫ് നേതാക്കളോട് ആലോചിച്ച്

By Web TeamFirst Published Mar 11, 2019, 10:12 PM IST
Highlights

തന്നെ തള്ളി തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷമെന്ന് പി ജെ ജോസഫ്. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തതെന്നും ജോസഫ്. 

കോട്ടയം: കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലെന്ന് പി ജെ ജോസഫ്. തന്നെ തള്ളി തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷമെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തത്. നിലവില്‍ ദില്ലിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തിയാലുടന്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കും. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചത്. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം. ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു പ്രഖ്യാപനം.

ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കണമെന്നാവശ്യം മുന്നോട്ട് വച്ചിട്ടും ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടും ഇതെല്ലാം മറികടന്നാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ്. 

കേരള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയ്ക്കിടെ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകളാണ് ഇന്ന് വൈകീട്ട് നടന്നത്. ഇതിനിടെ ജോസഫിന് ദൂതന്‍ വഴി മാണി കത്ത് നല്‍കിയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയ നേതാക്കളുമായാണ് പിജെ ജോസഫിന്‍റെ വീട്ടില്‍ കൂടിയാലോചനകള്‍ നടക്കുന്നത്.

ഇന്ന് പകല്‍ മുഴുവന്‍ കെഎം മാണിയുടെ വസതിയിലും വലിയ ചര്‍ച്ചകളാണ് നടന്നത്. തുടര്‍ന്ന് കോട്ടയത്ത് പി ജെ ജോസഫിന് സീറ്റ് നല്‍കില്ലന്ന നിലപാട് മാണി വിഭാഗം എടുത്തു.  പിന്നാലെ തോമസ് ചാഴികാടനിലേക്ക് സ്ഥാനാര്‍ത്ഥിത്വം ചുരുങ്ങുകയും ചെയ്തു.

click me!