സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രചാരണം: ഇതിലും വലിയ ഓഫര്‍ വന്നത് നിഷേധിച്ചതാണ് പിന്നെയല്ലേ ബിജെപി, തുറന്നടിച്ച് പി ജെ കുര്യന്‍

By Web TeamFirst Published Mar 23, 2019, 10:44 AM IST
Highlights

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. 

പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്‍. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്‍ മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണ്. 

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. അത് കോണ്‍ഗ്രസിലെ ആളുകള്‍ ആളുകളാണോയെന്നും കണ്ടെത്തണമെന്ന് പി ജെ കുര്യാന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ യുഡിഎഫ് വിജയിക്കും. കൂടുതല്‍ വോട്ടോടെയായിരിക്കും വിജയമെന്നും പി ജെ കുര്യന്‍ പറഞ്ഞു. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി ഈ നിമിഷം വരെ ഒരു ബിജെപിക്കാരനും സമീപിച്ചിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. 

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്ത് ഇതിനേക്കാള്‍ വലിയ ഓഫറുകള്‍ വന്നിരുന്നു. അന്ന് അത് നിഷേധിച്ചിട്ടുണ്ട്. അത് സര്‍ക്കാരില്‍ നിന്നായിരുന്നുവെന്നും കുര്യന്‍ വ്യക്തമാക്കി. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു. 

click me!