'രമ്യയെ ജയിപ്പിച്ചാല്‍ ഖേദിക്കേണ്ടി വരില്ല'; നാട്ടുകാരന്‍റെ ഉറപ്പെന്ന് പി കെ ഫിറോസ്

By Web TeamFirst Published Mar 17, 2019, 6:28 PM IST
Highlights

യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ ഇപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആണ്.

ആലത്തൂര്‍: തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ നാട് ചുട്ടിപ്പൊള്ളുന്ന രാഷ്ട്രീയ പോരിലേക്ക് കടന്നിരിക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമെല്ലാം ഏറെ നിര്‍ണായകമാണ് കേരളത്തിലെ 20 സീറ്റുകള്‍. ഒപ്പം ആദ്യമായി അക്കൗണ്ട് തുറന്ന് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു.

20 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇടതു മുന്നണി ഇറങ്ങിയത്. അധികം പ്രശ്നങ്ങളൊന്നുമില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. യുഡിഎഫിലെയും എന്‍ഡിഎയിലെയും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

20 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ചില സീറ്റുകളിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെയുള്ള പ്രചാരണവും എല്ലാ പാര്‍ട്ടികളും ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.

പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ലെന്നാണ് ഫിറോസ് കുറിച്ചത്.

അത് നാട്ടുകാരന്‍റെ ഉറപ്പാണെന്ന് പറയുന്ന ഫിറോസ് ചെറുപ്രായത്തിൽ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണെ് രമ്യയെന്നും പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി പി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്.

കെ എസ് യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ ഇപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളുമാണ് രമ്യ.

ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ രമ്യ സജീവമായിരുന്നു.  കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും രമ്യയെ തേടിയെത്തി. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

 

click me!