പാലക്കാട്ടും ഏകോപനമില്ല; കെപിസിസി പ്രസിഡന്‍റിന് പ്രവർത്തകരുടെ പരാതി

By Web TeamFirst Published Apr 11, 2019, 1:24 PM IST
Highlights

സ്വന്തം നിലക്ക് തീരുമാനമെടുത്ത് സ്ഥാനാർത്ഥി മുന്നോട്ട് പോകുന്നതെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി പ്രസിഡന്‍റിനെ ധരിപ്പിച്ചത്. ഒത്തൊരുമയോടെ പ്രവർത്തിക്കാൻ നിർദ്ദശം നൽകിയിട്ടും അതൊന്നും നടപ്പാവില്ലെന്നും പ്രവർത്തകർ

പാലക്കാട്: യുഡിഎഫിന്‍റെ  തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന്    കെപിസിസി പ്രസിഡന്‍റിന് പ്രവർത്തകരുടെ പരാതി. സ്വന്തം നിലക്ക് തീരുമാനമെടുത്ത് സ്ഥാനാർത്ഥി മുന്നോട്ട് പോകുന്നതെന്നാണ്  എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി പ്രസിഡന്‍റിനെ ധരിപ്പിച്ചത്. ഒത്തൊരുമയോടെ പ്രവർത്തിക്കാൻ നിർദ്ദശം നൽകിയിട്ടും അതൊന്നും നടപ്പാവില്ലെന്നും പ്രവർത്തകർ പറയുന്നു. എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ഡിസിസി പ്രസിഡന്‍റ് കൂടിയായ സ്ഥാനാർത്ഥി വികെ ശ്രീകണ്ഠന്‍റെ വിശദീകരണം.

കേരളം മുഴുവൻ രാഹുൽ തരംഗമുണ്ടാവുമെന്ന കോൺഗ്രസിന്‍റെ അവകാശ വാദത്തിനിടെയാണ് പാലക്കാട് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ്  പ്രവർത്തനത്തിൽ ഭിന്ന സ്വരങ്ങൾ ഉയരുന്നത്. ജില്ലാ നേതാക്കൾ തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കുന്നില്ലെന്നും ഘടകകക്ഷി നേതാക്കളെ പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ട്. വി കെ ശ്രീകണ്ഠൻ സ്വന്തം നിലക്ക്  തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ആരെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനോട് ചില മുതിർന്ന നേതാക്കൾ ഈ വിവരം ധരിപ്പിച്ചെന്നാണ് സൂചന. 

രേഖാമൂലം പരാതി നൽകിയില്ലെങ്കിലും കെപിസിസി പ്രസിഡന്‍റിനോട് ജില്ലയിലെ ഏകോപനക്കുറവ്  നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയ കെപിസിസി പ്രസിഡന്‍റ്, ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന കർശന നിർദ്ദേശമാണ് നൽകിയത്. എന്നാൽ, കെപിസിസി പ്രസിഡന്‍റിന്‍റെ നിർദ്ദേശം വന്നിട്ടും, പഴയ സ്ഥിതി തുടരുന്നത് കൂടുതൽ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെയുളളവരുടെ വിമർശനം. പ്രചരണപരിപാടികൾ, സ്ക്വാഡ് പ്രവർത്തനം എന്നിവയിലുപ്പെടെ  ഇപ്പോഴും മെല്ലെപ്പോക്കാണെന്നും ആരോപണമുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തനം മോശമാണെന്നാണ് വിലയിരുത്തൽ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലാണ് വികെ ശ്രീകണ്ഠൻ. 

click me!