ജമ്മു കശ്മീരിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ വെടിവച്ച് കൊന്നു, വോട്ട് ചെയ്തതിനെന്ന് കുടുംബം

By Web TeamFirst Published May 21, 2019, 3:48 PM IST
Highlights

ദക്ഷിണ കശ്മീരിലെ കുൽഗാമിലുള്ള സുംഗൽപോര ഗ്രാമത്തിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ‍ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകൾ. ഇതിൽ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബത്തിൽ നിന്നായിരുന്നു. 

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള സുംഗൽപോരയിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമ്മാലിനെ വധിച്ചതെന്ന് കുടുംബം ആരോപിച്ചു. 

തീവ്രവാദികളാണ് പിഡിപി പ്രവർത്തകനായ അറുപത്തഞ്ചുകാരന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്കിടയിൽ ഭീതി പരത്താനാണ് ഭീകരർ അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

ഏപ്രിൽ 29-ന് 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലിന് അവശത കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യാൻ പോകണമെന്ന് ജമ്മാൽ നിർബന്ധം പിടിച്ചു. 

സുംഗൽപോര ഗ്രാമത്തിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ‍ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതിൽ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബത്തിൽ നിന്നായിരുന്നു. പോളിംഗിനിടെ പ്രദേശത്ത് അക്രമസംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. 

ഞായറാഴ്ച ജമ്മാലിനെ വീട്ടിനകത്ത് കയറിയാണ് അക്രമികൾ വെടിവച്ച് കൊന്നത്. നോമ്പുതുറന്ന ശേഷം ഇഫ്താറിന് തൊട്ടുമുമ്പായിരുന്നു അക്രമം. വീടിന് മുന്നിലെ വരാന്തയിലേക്ക് കയറി തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന ജമ്മാലിനെ അക്രമികൾ വെടിവയ്ക്കുകയായിരുന്നു. അഞ്ച് തവണ വെടിവച്ചു. രണ്ട് ബുള്ളറ്റുകൾ അടിവയറ്റിലും രണ്ടെണ്ണം കൈയിലും ഒരെണ്ണം മൂക്കിലും കൊണ്ടു. ജമ്മാൽ തൽക്ഷണം മരിച്ചു. 

''ഞങ്ങളോട് ആർക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങൾ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്'', ജമാലിന്‍റെ മരുമകനായ താരിഖ് അഹമ്മദ് ഭട്ട് പറഞ്ഞു. 

കുൽഗാമുൾപ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത സംഘർഷസാധ്യതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധവുമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികളും തീവ്രവാദികളും വ്യാപകമായി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിലും അതിർത്തിയിലെ സംഘർഷത്തിലും 100 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. വോട്ട് ചെയ്തവരെ കൊല്ലുമെന്ന് തീവ്രവാദിസംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് അനന്ത് നാഗ് മണ്ഡലത്തിൽ മാത്രം മൂന്ന് ഘട്ടങ്ങളിലായാണ് തെര‍ഞ്ഞെടുപ്പ് നടന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!