പിണറായിയുടെ 'പരനാറി'പരാമർശം കൊല്ലത്ത് പിന്നെയും ചർച്ചയാകുമ്പോൾ

Published : Apr 04, 2019, 11:35 PM ISTUpdated : Apr 04, 2019, 11:48 PM IST
പിണറായിയുടെ 'പരനാറി'പരാമർശം കൊല്ലത്ത് പിന്നെയും ചർച്ചയാകുമ്പോൾ

Synopsis

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂടേറിയ ചര്‍ച്ചയും പരനാറി പ്രയോഗമായിരുന്നു. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എംഎ ബേബിയുടെ തോല്‍വിക്ക് കാരണം പിണറായിയുടെ ഈ പരമാര്‍ശമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനമുണ്ടായി.  

കൊല്ലം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എൻ കെ പ്രേമചന്ദ്രന്‍റെ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പരാമ‌ർശമായിരുന്നു പിണറായി വിജയന്‍റെ 'പരനാറി' പ്രയോഗം.

2014 ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോ‍ഗത്തിനിടെയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. 

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആർഎസ്പിയും എൻ കെ പ്രേമചന്ദ്രനും മുന്നണി വിട്ട് യുഡിഎഫിലെത്തുകയും എൽഡിഎഫിനെതിരെ കൊല്ലത്ത് മത്സരത്തിനിറങ്ങുകയും ചെയ്തതാണ് അന്ന് പിണറായിയെ ചൊടിപ്പിച്ചത്.

"തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്ഥാനാർത്ഥികളെ വ്യക്തിപരമായി പറയുകയെന്നത് സാധാരണയായി സ്വീകരിക്കുന്ന രീതിയല്ല. പക്ഷെ പരനാറിയായൽ എങ്ങനെ പറയാതിരിക്കും" എന്നായിരുന്നു പിണറായി വിജയന്‍റെ വിവാദ പരാമർശം. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചര്‍ച്ചയായി 'പരനാറി' പ്രയോഗം മാറി. തുടർന്ന് വലിയ വിമ‌ർശനമാണ് പിണറായിക്ക് നേരിടേണ്ടി വന്നത്. എം എ ബേബിയുടെ തോല്‍വിക്ക് കാരണം പിണറായിയുടെ ഈ പരമാര്‍ശമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനമുണ്ടായി.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും പിണറായി തന്‍റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അന്നത്തെ 'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ പിണറായി 2014 ൽ പ്രേമചന്ദ്രനും ആർഎസ്പിയും കാണിച്ചത് രാഷ്ട്രീയ നെറികേടാണെന്നും ഒരിക്കൽക്കൂടി ആവർത്തിച്ചു. 

"ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?" എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദിച്ചത്.

"നെറിയും നെറികേടും വിലയിരുത്താനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്; പരനാറി പ്രയോഗത്തിന് ജനം മറുപടി പറയും" എന്നാണ് എൻ കെ പ്രേമചന്ദ്രൻ പിണറായിക്ക് മറുപടി പറഞ്ഞത്. പിണറായി വിജയൻ സിപിഎമ്മിന്‍റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും കേരളത്തിന്‍റെ മുഴുവൻ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാൾ  ഇത്തരമൊരു പരാമർശം നടത്തുന്നത് യുക്തിസഹമാണോയെന്ന് പിണറായി ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രൻ തിരിച്ചടിച്ചു.

പിണറായിയുടെ വീണുകിട്ടിയ  'പരനാറി' പരാമര്‍ശം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് പോലെ ഇത്തവണയും ചര്‍ച്ചയാക്കാം എന്നാണ് ആര്‍എസ്പിയും യുഡിഎഫും കണക്കുകൂട്ടുന്നത്.

എൽഡിഎഫിനായി സിപിഎമ്മിലെ കരുത്തൻ കെ എൻ ബാലഗോപാലാണ് എൻ കെ പ്രേമചന്ദ്രനെതിരെ ഇത്തവണ കൊല്ലത്ത് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ ആധിപത്യം വോട്ടാക്കാനാണ് ഇടതിന്‍റെ ശ്രമം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?