കേരളാ കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിൽ; വിട്ടുവീഴ്ചയില്ലാതെ മാണിയും ജോസഫും

By Web TeamFirst Published Mar 3, 2019, 11:23 AM IST
Highlights

കേരളാ കോൺഗ്രസുമായുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയിൽ കോൺഗ്രസ് നിലപാടാകും ശ്രദ്ധേയം. പിജെ ജോസഫിനെ പിണക്കി ഒരു രാഷ്ട്രീയ തീരുമാനം കോൺഗ്രസ് ആഗ്രഹിക്കുന്നില്ല, മാണിയെ പിണക്കാനും കഴിയില്ല 

കൊച്ചി: രണ്ട്  സീറ്റ് വേണമെന്ന നിലപാടിൽ കേരളാ കോൺഗ്രസും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പി ജെ ജോസഫും ഉറച്ച് നിൽക്കുന്നതിനിടെ യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച എറണാകുളത്ത് തുടങ്ങി. കോട്ടയമോ ഇടുക്കിയോ, ചാലക്കുടിയോ കിട്ടിയാൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് ഇന്ന് ചര്‍ച്ചക്കെത്തിയത്. എന്നാൽ കേരളാ കോൺഗ്രസിന് ഒരു സീറ്റ് മാത്രമെ നൽകാനാകൂ എന്നാണ് കോൺഗ്രസ് നിലപാട്. 

അതേസമയം ഒരു സീറ്റ് മാത്രമാണെങ്കിലും ആര് മത്സരിക്കുമെന്ന തര്‍ക്കമാണ് കേരളാ കോൺഗ്രസിലുള്ളത്. പി ജെ ജോസഫ് പരസ്യമായി സന്നദ്ധത അറിയിച്ചെങ്കിലും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാൻ കെഎം മാണി ഒരുക്കമല്ല. ഇരുവിഭാഗവും നിലപാടിൽ ഉറച്ച് നിന്നാൽ കേരളാ കോൺഗ്രസിൽ വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുങ്ങുകയും ചെയ്യും. 

അത് കൊണ്ടു തന്നെ കേരളാ കോൺഗ്രസുമായുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയിൽ കോൺഗ്രസ് നിലപാടാകും ശ്രദ്ധേയം. പി ജെ ജോസഫിനെ പിണക്കി ഒരു രാഷ്ട്രീയ തീരുമാനം കോൺഗ്രസ് ആഗ്രഹിക്കുന്നില്ല, മാണിയെ പിണക്കാനും കഴിയില്ല. ഒരു സീറ്റുമാത്രമെ നൽകാനാകൂ എന്ന നിലപാടിൽ വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ല. 

പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ കെ എം മാണി അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ കേരളാ കോൺഗ്രസിന് നൽകുന്ന ഒരു സീറ്റിൽ, അത് കോട്ടയമായാലും ഇടുക്കിയായലും  ജോസഫിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ഫോര്‍മുലയായിരിക്കും കോൺഗ്രസ് മുന്നോട്ട് വയ്ക്കുക.

കോട്ടയത്ത് മത്സരിക്കാൻ ഇതിനകം തന്നെ സന്നദ്ധരായി മൂന്നോ നാലോ നേതാക്കൾ മാണി വിഭാഗത്തിൽ നിന്ന് തന്നെ മുന്നോട്ട് വന്ന സാഹചര്യത്തിൽ കോൺഗ്രസ് ഫോര്‍മുലയോട് കേരളാ കോൺഗ്രസും കെ എം മാണിയും എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല. 

കെ എം മാണിയും പി ജെ ജോസഫും അധിക സീറ്റിന് വേണ്ടി വാദിക്കുമെങ്കിലും കേരളാ കോൺഗ്രസിന് ഒരു സീറ്റേ ഉള്ളു എന്ന കാര്യത്തിൽ തര്‍ക്കമുണ്ടാകില്ല. ആ ഒരു സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഇന്ന് ഒരു തീരുമാനവും ഉണ്ടാകില്ല. തുടര്‍ ചര്‍ച്ചകളിൽ സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തിൽ അഭിപ്രായ സമസ്വയത്തിൽ എത്താതിരിക്കുകയും  കോൺഗ്രസ് ഫോര്‍മുല അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കേരളാ കോൺഗ്രസ് നീങ്ങുന്നത് അനിവാര്യമായ മറ്റൊരു പിളര്‍പ്പിലേക്കായിരിക്കും.

click me!