വോട്ടർമാരോട് നന്ദി പറയാന്‍ മോദി വരാണസിയില്‍: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും നടത്തും

By Web TeamFirst Published May 27, 2019, 9:31 AM IST
Highlights

വാരാണസിയിൽ മോദിക്ക് ഉജ്വലസ്വീകരണം ഒരുക്കാൻ പാർട്ടിപ്രവർത്തകർ.സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക്

ദില്ലി: രണ്ടാം വിജയ തിളക്കത്തിൽ ഇന്ന് നരേന്ദ്രമോദി മണ്ഡലമായ വരാണസിയിലെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും.

ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിയെ വരവേൽക്കാൻ വാരാണസി ഒരുങ്ങി. രാവിലെ പത്ത് മണിയോടെ വാരാണസി വിമാനത്താവളത്തിൽ എത്തുന്ന മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വരവേല്‍ക്കും. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. പൂജകൾ പൂർത്തിയാക്കി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോദി, പാർട്ടിപ്രവർത്തകർ നൽകുന്ന സ്വീകരണത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയും.

കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വോട്ട് കൂടുതൽ നൽകിയാണ് വാരാണസി ഇക്കുറി മോദിയെ പ്രധാനമന്ത്രിയാക്കുന്നത്. ഇത്തവണത്തെ ഭൂരിപക്ഷം 4.8 ലക്ഷമാണ്. ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോദി കാശിയിലെത്തുന്നത്. ഉച്ചയ്ക്ക് ദില്ലിക്ക് മടങ്ങുന്ന മോദി 30 ന് രണ്ടാമതും റൈസിന കുന്നിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പടവുകൾ കയറും. വാരണാസിയിൽ തുടങ്ങിവച്ച ഗംഗ ശുദ്ധീകരണ പദ്ധതിയും കാശി വിശ്വനാഥ കോറിഡോർ പദ്ധതിയും ഇക്കുറി മോദി പൂർത്തിയാക്കുമെന്നാണ് ബിജെപി വാഗ്ദാനം.

click me!