പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി

By Web TeamFirst Published Apr 17, 2019, 11:39 AM IST
Highlights

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്. 

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെങ്കിലും ശബരിമല വിഷയം തുറന്ന് പറഞ്ഞ് വോട്ട് പിടിക്കുമെന്നുള്ള  ബിജെപി നിലപാട് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. ശബരിമല യുവതീപ്രവേശം  പറയാതെ പറഞ്ഞും കർമ്മ സമിതിയേക്കൊണ്ട് ഉന്നയിപ്പിച്ചുമൊക്കെ നീങ്ങിയിരുന്ന ബിജെപി, നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗത്തോടെയാണ് കളം മാറ്റിച്ചവിട്ടിയത്. എന്നാൽ അത് കേരളത്തിൽ മാത്രം ഒതുക്കാനല്ല പാർട്ടി ഉദ്ദേശിക്കുന്നതെന്ന് മോദി വ്യക്തമാക്കി.

ചെന്നെയിലും മംഗലാപുരത്തും പൊതുയോഗങ്ങളിൽ മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. വിശ്വാസം തകർക്കാനുള്ള ശ്രമം കേരളത്തിൽ നടക്കുകയാണെന്ന് തമിഴ്നാട്ടിലെ രാമനാഥപുരത്തെ പ്രസംഗത്തിൽ കുറ്റപ്പെടുത്തിയ മോദി അതിൽ മുസ്ലിംലീഗിനേയും പ്രതിസ്ഥാനത്ത് നിർത്തിയിരുന്നു. 
 

click me!