പുല്‍വാമയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്‍ധിച്ചെന്ന് സര്‍വെ

By Web TeamFirst Published Mar 11, 2019, 2:05 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ കൂടിയെന്ന് സര്‍വെ. ടൈംസ് നൗ- വിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ കൂടിയെന്ന് സര്‍വെ. ടൈംസ് നൗ- വിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിയുടെ മൂല്യം ഏഴ് ശതമാനം വര്‍ധിച്ചതായാണ് സര്‍വെ പോള്‍ റിപ്പോര്‍ട്ട്.  ഫെബ്രുവരി അഞ്ച് മുതല്‍ 25 വരെയാണ് സര്‍വേ നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 52 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നു. 27 ശതമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. മറ്റ് പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ചത് വെറും 7.3 ശതമാനം വോട്ടാണ്. 

ജനുവരിയില്‍ നടത്തിയ സര്‍വെയില്‍ 44.4 ശതമാനമായിരുന്നു മോദിയുടെ പിന്തുണ. 30 ശതമാനം രാഹുല്‍ ഗാന്ധിക്കും 13.8 ശതമാനം മറ്റ് പ്രാദേശിക നേതാക്കള്‍ക്കും അന്ന് ലഭിച്ചു. ഭൂരിപക്ഷം മോദിയെ പിന്തുണയ്ക്കുമ്പോള്‍ വിശ്വാസ്യതയുള്ള പകരക്കാരനായി  43 ശതമാനം ജനങ്ങള്‍ കണ്ടത് രാഹുല്‍ ഗാന്ധിയെയാണ്. എന്നാല്‍ 40 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ കയ്യൊഴിഞ്ഞു. 

46 ശതമാനവും മോദി ഗവണ്‍മെന്‍റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ 27 ശതമാനം പരമാവധി പാലിക്കപ്പെട്ടെന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം തൊഴിലില്ലായ്മയായിരിക്കുമെന്ന് 40 ശതമാനം പേര്‍ പറയുമ്പോള്‍ 17.7 ശതമാനം പേര്‍ കാര്‍ഷിക വിഷയങ്ങളും മൂന്നാമതായി 14 ശതമാനം പേര്‍ രാമക്ഷേത്ര നിര്‍മാണവും ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്ത് 690 ഇടങ്ങളിലായി നടത്തിയ സര്‍വേയില്‍ 14431 വോട്ടര്‍മാര്‍ പങ്കെടുത്തു.

click me!