പൊലീസ് പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു; സ്ഥിരീകരിച്ച് ഡിജിപി: കർശന നടപടിക്ക് ശുപാർശ

By Web TeamFirst Published May 7, 2019, 6:09 PM IST
Highlights

ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. പൊലീസ് പോസ്റ്റൽ വോട്ടിലെ അട്ടിമറി പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. 

തിരുവനന്തപുരം: പൊലീസുകാരിലെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്ന വാർത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ അന്വേഷണ റിപ്പോർട്ട്. മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഡിജിപിയുടെ കണ്ടെത്തൽ. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, 
കർശന നടപടികൾക്കായി റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശം നൽകണമെന്ന് ഡിജിപി റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസ് പോസ്റ്റൽ വോട്ടിലെ അട്ടിമറി പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. 

പൊലീസിലെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത ശരിവെച്ചുള്ളതാണ് ഡിജിപിയുടെ റിപ്പോർട്ട്.  ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്‍റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. 

തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചിരുന്നു. 

വാർത്ത ഇവിടെ:

Read Also: പൊലീസിലും കളളവോട്ട്; പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നത് ഇടത് അസോസിയേഷന്‍ നേതാക്കള്‍

പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകന്‍റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പൊലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെടും.

സംശയം വരാതിരിക്കാൻ എല്ലാ പോസ്റ്റൽ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് വട്ടപ്പാറ പോസ്റ്റ് ഓഫീസിലാണ്. തൃശൂര്‍ ഐആർ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ വിലാസത്തിൽ എത്തിയത് നാല് പോസ്റ്റൽ ബാലറ്റുകൾ. പോസ്റ്റ് മാസ്റ്റർ ഇത് സ്ഥിരീകരിച്ചു. ചോദിച്ചപ്പോള്‍ ബാലറ്റുകളെത്തിയത് പൊലീസുകാരനും സമ്മതിച്ചു.

ഇതുപോലെ, പല ഇടത് അനുകൂല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റൽ ബാലറ്റുകൾ ഇപ്പോൾ എത്തുകയാണ്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകൾ തട്ടാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. 

click me!