
വടകര: കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റര്‍ . സേവ് കോൺഗ്രസിന്‍റെ പേരിലാണ് പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എതിരാളിക്ക് വഴങ്ങുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെയാണ് പ്രതിഷേധം.
വടകരയിൽ പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു ആദ്യ ഘട്ട ധാരണ. ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെയാണ് വിദ്യയുടെ പേര് ഉയര്‍ന്ന് വന്നത്. എന്നാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമോ എന്ന ആശങ്ക അപ്പോൾ തന്നെ വടകരയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം വയനാട് മണ്ഡലത്തിൽ തര്‍ക്കം തുടരുന്ന സാഹചര്യത്തിൽ ടി സിദ്ദിഖിനെ വടകരയിൽ മത്സരിപ്പിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ വടകരയിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ടി സിദ്ദിഖ് എടുത്തത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണയെ സമീപിച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്ന വടകരയിൽ ഇപ്പോൾ പ്രവീൺകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്.