
ദില്ലി: വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. മാലേഗാവ് സ്ഫോടനക്കേസിൽ തന്നെ കോൺഗ്രസ് പെടുത്തുകയായിരുന്നുവെന്നും തെറ്റായി പ്രതിചേർക്കുകയായിരുന്നുവെന്നും പറഞ്ഞ പ്രഗ്യാ സിംഗ് ഠാക്കൂർ. വാർത്താ സമ്മേളനത്തിനിടെ വികാരാധീനയാകുകയായിരുന്നു.
പ്രഗ്യാ സിംഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിങ്ങനെ "എന്നെ നിയമവിരുദ്ധമായി പിടിച്ചു കൊണ്ട് പോയി 13 ദിവസം തടവിൽ വച്ചു. ആദ്യ ദിവസം മുതൽ ക്രൂരമായി മർദ്ദിച്ചു, ബെൽറ്റുപയോഗിച്ചായിരുന്നു മർദ്ദനം. രാവും പകലുമില്ലാതെ മർദ്ദിക്കുമായിരുന്നു. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് എന്നെക്കൊണ്ട് പറയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സൂര്യനുദിക്കുന്ന വരെ മർദ്ദിക്കും. മർദ്ദിക്കുന്നവർ മാറി മാറി വരുമായിരുന്നു.കൈ പൊട്ടി ചോര വരുമെന്നാകുമ്പോൾ അവർ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കൈ അതിൽ മുക്കി വക്കും. എന്നിട്ട് വീണ്ടും അടിക്കും. "
നാർക്കോ, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ്ങ് ടെസ്റ്റുകൾക്ക് വിധേയയായത് മൂലം തനിക്ക് കാൻസർ വന്നുവെന്നും പ്രഗ്യാ സിംഗ് പറയുന്നു. സ്തനാർബുദത്തിനായുള്ള ചികിത്സക്കായാണ് പ്രഗ്യാസിംഗിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടക്കാൻ പോലും കഴിയില്ലെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം.
2017ൽ ജസ്റ്റിസ് ശാലിനി ഫൽസാൻക്കറും രഞ്ജിത്ത് മോറെയുമടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ചാണ് പ്രഗ്യാസിങ്ങിന് ജാമ്യമനുവദിച്ചത്. നടക്കാൻ പോലും കഴിയാത്ത വ്യക്തിക്ക് ആയുർവ്വേദ ചികിത്സയാണ് നൽകുന്നതെന്നും ഇത് മതിയാകില്ല എന്നുമാണ് അന്ന് ചൂണ്ടിക്കാട്ടിയത്.
ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങാണ് ജനവിധി തേടുന്നത്. മാലേഗാവ് സ്ഫോടനത്തെ കാവി ഭീകരത എന്നു വിശേഷിപ്പിച്ചതിന് പിന്നില്‍ ദ്വിഗ് വിജയ് സിങ് ആണെന്നായിരുന്നു ബിജെപിയുടെ ആരോപണം. നിലവില്‍ ബിജെപി കൈവശം വെക്കുന്ന മണ്ഡലത്തില്‍ പ്രഗ്യ സിങ് സ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരം കനക്കുമെന്നാണ് റിപ്പോര്‍ട്ട്.