2014 ല്‍ 'ചായ്പേ', 2019 ല്‍ 'ഞാനും കാവല്‍ക്കാരന്‍' ; തന്ത്രം പുതുക്കി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് മോദി

By Web TeamFirst Published Mar 31, 2019, 6:03 AM IST
Highlights

20 ലക്ഷം ട്വീറ്റുകളോടെ ട്വിറ്ററിൽ മികച്ച പ്രതികരണമാണ് ഞാനും കാവല്‍ക്കാരൻ ക്യാംപെയ്ന് ലഭിച്ചതെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. മോദിയുടെ സംവാദത്തില്‍ കര്‍ഷകരും പ്രോഫഷണലുകളും യുവവോട്ടർമാരും പങ്കെടുക്കും.

ദില്ലി: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചായ് പേയ് ചര്‍ച്ചയ്ക്ക് അവധി കൊടുത്ത് കാവല്‍ക്കാരനുമായുള്ള സംവാദത്തിന് മോദി. 2014 ല്‍ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പ് നേരിട്ട മോദി, തന്‍റെ ഭൂതകാലത്തെയാണ് പ്രധാന പ്രചാരണായുധമാക്കിയത്. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പണ്ട് മോദി റെയില്‍വേ സ്റ്റേഷനിലെ ചായ വില്‍പ്പനക്കാരനായിരുന്നെന്ന ആരോപണത്തത്തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. അത് വിജയം കണ്ടു. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ചായ് പേയുമായി തന്‍റെ വോട്ടര്‍മാരെ കണ്ടാല്‍ വിജയിക്കില്ലെന്ന് ഉറപ്പാകാം പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രചാരണായുധത്തെ മാറ്റി പിടിച്ചത്. താന്‍ രാജ്യത്തിന്‍റെ കാവല്‍ക്കാരനാണ് എന്ന മോദിയുടെ പ്രസംഗം പിന്നീട് പ്രധാന പ്രചാരണായുധമാക്കുകയായിരുന്നു. 'ഞാനും കാവല്‍ക്കാരന്‍' ക്യാംപെയ്നിന്‍റെ  ഭാഗമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ 500 ലധികം കേന്ദ്രങ്ങളിലുള്ളവരുമായി സംസാരിക്കും. 2014ലെ 'ചായ്പെ' ചർച്ചയുടെ മാതൃകയിലാണ് ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നത്. 

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യത്തിന് ബദലായാണ് ബിജെപി 'ഞാനും കാവല്‍ക്കാരന്‍' പ്രചാരണം തുടങ്ങിയത്. അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും ട്വിറ്റര്‍ ക്യാംപെയ്നിന്‍റെ ഭാഗമായിരുന്നു. 20 ലക്ഷം ട്വീറ്റുകളോടെ ട്വിറ്ററിൽ മികച്ച പ്രതികരണമാണ് ഞാനും കാവല്‍ക്കാരൻ ക്യാംപെയ്ന് ലഭിച്ചതെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. മോദിയുടെ സംവാദത്തില്‍ കര്‍ഷകരും പ്രൊഫഷണലുകളും യുവവോട്ടർമാരും പങ്കെടുക്കും.

click me!