'ക്യൂൻകി മന്ത്രിജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ', സ്മൃതി ഇറാനിയെ കണക്കിന് കളിയാക്കി പ്രിയങ്ക ചതുർവേദി

Published : Apr 12, 2019, 01:35 PM IST
'ക്യൂൻകി മന്ത്രിജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ', സ്മൃതി ഇറാനിയെ കണക്കിന് കളിയാക്കി പ്രിയങ്ക ചതുർവേദി

Synopsis

സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സൂപ്പർ ഹിറ്റ് സീരിയൽ 'ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ'യുടെ ടൈറ്റിൽ ഗാനത്തിന്‍റെ പാരഡി പാടിയായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം. 

ദില്ലി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി. സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സൂപ്പർ ഹിറ്റ് സീരിയൽ 'ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ'യുടെ ടൈറ്റിൽ ഗാനത്തിന്‍റെ പാരഡി പാടിയായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം. 

സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയൽ വരുന്നുണ്ടെന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക പരിഹസിച്ചു. 'ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ' എന്നാണ് സീരിയലിന്‍റെ പേര് (കാരണം, മന്ത്രീജിയും ഒരിക്കൽ ബിരുദധാരിയായിരുന്നു) എന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ ഗാനം കേൾക്കാം:

 'ക്വാളിഫിക്കേഷന്‍റെ രൂപം മാറുന്നു. പുതിയ പുതിയ അവകാശവാദങ്ങൾ വരുന്നു, ഒരു ഡിഗ്രി വരുന്നു, ഒരു ഡിഗ്രി പോകുന്നു, വരുന്ന പത്രികയും പുതിയതാണല്ലോ', (പാ‍ട്ടിന്‍റെ ഏകദേശ പരിഭാഷ) .. ഇങ്ങനെ പോകുന്നു പ്രിയങ്ക ചതുർവേദിയുടെ പാ‍ട്ട്. 

2014 ആഗസ്തിൽ നടന്ന ഒരു പൊതുപരിപാടിയിൽ സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത് യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നായിരുന്നു. എന്നാലിതിനെ എതിർത്ത കോൺഗ്രസ് എന്തുകൊണ്ട് ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞില്ലെന്ന് ചോദിച്ച് വിമർശനവുമായി രംഗത്തെത്തി. 2004-ൽ ചാന്ദ്നി ചൗകിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്മൃതി ഇറാനി, ദില്ലി സർവകലാശാലയിൽ നിന്ന് 1996-ൽ ബി എ ബിരുദം നേടിയെന്നായിരുന്നു എഴുതിയിരുന്നത്. 

എന്നാൽ 2014-ൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയപ്പോൾ കേന്ദ്രമന്ത്രി 1994-ൽ വിദൂരവിദ്യാഭ്യാസം വഴി ബി കോം പഠനം പൂർത്തിയാക്കി എന്നാണ് എഴുതിയിരുന്നത്. എന്നാൽ ഏറ്റവുമൊടുവിൽ ഇപ്പോൾ 2019-ൽ അമേഠിയിൽ നിന്ന് നൽകിയ പത്രികയിൽ സ്മൃതി ഇറാനി എഴുതിയിരിക്കുന്നത് ഇതേ കോഴ്‍സിന് ചേർന്നിരുന്നെന്നും എന്നാൽ പഠനം പൂർത്തിയാക്കിയിരുന്നില്ലെന്നുമാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?