രാജി തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ; പ്രിയങ്ക ഗാന്ധിയുടെ അനുനയം ഫലം കണ്ടില്ല

By Web TeamFirst Published May 28, 2019, 11:40 AM IST
Highlights

രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തോടെ തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് അകത്ത് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പ്രയങ്കയുടെ കൂടിക്കാഴ്ച.

ദില്ലി: രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി വസതിയിലെത്തി. പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രൺദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുകയാണ്. രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതോടെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

പകരക്കാരൻ ആര് എന്ന നിലയിലേക്ക് ചര്‍ച്ച പോയിട്ടില്ലെങ്കിലും പ്രതിസന്ധി അതിജീവിക്കേണ്ടത് എങ്ങനെ എന്ന നിലയിലാണ് കോൺഗ്രസ് നേതൃത്വത്തിനകത്ത് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. വൈകിട്ട് നാല് മണിയോടെ രാഹുൽ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടേക്കും എന്നും സൂചനയുണ്ട്. വീണ്ടും കോൺഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കാനും സാധ്യതയുണ്ട്. 

കൂടുതൽ വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാൽ രാജിക്കാര്യത്തിൽ രാഹുൽ വിട്ട് വീഴ്ചക്ക് തയ്യാറാകാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാനും കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. 

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയാണ് രാഹുലിന്റെ രാജി തീരുമാനത്തിന് കാരണം. 17 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റ് ഒന്നും ലഭിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ആരെങ്കിലും ഇനി കോൺഗ്രസ് അധ്യക്ഷ പദവിയിൽ ഇരിക്കട്ടെ എന്നും സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. 

രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം കോൺഗ്രസ് പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി തള്ളിയിരുന്നു. തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ എന്ന നിലപാടാണ് സോണിയാ ഗാന്ധിക്കെന്നാണ് റിപ്പോര്‍ട്ട്. 

എന്നാൽ രാഹുൽ ഗാന്ധിക്ക് കൂടുതൽ അധികാരങ്ങൾ നൽകി സംഘടനാ കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ സഹായിക്കാൻ കരുത്തുറ്റ രണ്ടാം നിരയെ നിയോഗിച്ച് മുന്നോട്ട് പോകാമെന്ന അഭിപ്രായവും കോൺഗ്രസ് നേതൃത്വത്തിനകത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഫോര്‍മുലയോടും രാഹുൽ ഗാന്ധി മനസ് തുറന്നിട്ടില്ല. 


 

click me!