വോട്ട് നേടാന്‍ 'ബോട്ട്' ക്യാമ്പയിനുമായി പ്രിയങ്കാ ഗാന്ധി

By Web TeamFirst Published Mar 17, 2019, 10:58 AM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യത്യസ്തമായ ഒരു മാര്‍ഗം തെരഞ്ഞെടുത്തിരിക്കുകയാണ് യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗംഗാ നദിയിലൂടെ 140 കിലോമീറ്റര്‍ ബോട്ട് യാത്ര നടത്തിയാണ് പ്രിയങ്ക വോട്ടുചോദിക്കാനിറങ്ങുന്നത്.

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യത്യസ്തമായ ഒരു മാര്‍ഗം തെരഞ്ഞെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗംഗാ നദിയിലൂടെ പ്രയാഗ്‌രാജ് മുതല്‍ മിര്‍സാപൂര്‍ വരെയുള്ള 140 കിലോമീറ്റര്‍ ബോട്ട് യാത്രയാണ് പ്രിയങ്കയുടെ ഇന്നത്തെ കാര്യപരിപാടികളില്‍ പ്രധാനം. പുണ്യനദിയായ ഗംഗയുടെ തീരത്ത് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ വോട്ടുകള്‍ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണ് ഗംഗയുടെ തീരത്ത് കൂട്ടമായി താമസിക്കുന്നത്. ഇവരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യാത്രക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും. ഗംഗ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യും. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയിലാണ് പ്രിയങ്കയുടെ ബോട്ട് യാത്ര അവസാനിക്കുന്നത്.

ബോട്ട് യാത്ര നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും അനുമതി കിട്ടാത്തതിനാല്‍ ഇന്നലെ വരെ അനിശ്ചിതത്വമുണ്ടായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രി വൈകിയാണ് അനുമതി കിട്ടിയത്. ഇന്ന് ലഖ്‌നൗവിലെത്തുന്ന പ്രിയങ്ക പ്രചാരണ പരിപാടികളുമായി നാല് ദിവസം സംസ്ഥാനത്ത് തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു. സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ശക്തികേന്ദ്രങ്ങളായ അമേഠിയും റായ് ബറേലിയുമായിരുന്നു അത്. കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള വജ്രായുധമെന്ന നിലയിലാണ് ജനുവരിയില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയത്.

click me!