കാവൽക്കാരൻ സമ്പന്നർക്ക് വേണ്ടിയല്ലേ? പാവപ്പെട്ടവർക്കായി എന്തു ചെയ്തെന്ന് പ്രിയങ്ക

By Web TeamFirst Published Mar 24, 2019, 4:58 PM IST
Highlights

രാവും പകലും അധ്വാനിക്കുന്ന കരിമ്പ് കര്‍ഷകരുടെ കുടുംബത്തിന്‍റെ കുടിശിക കൊടുത്തു തീര്‍ക്കാനുളള ഉത്തരവാദിത്വം പോലും യുപി സര്‍ക്കാര്‍ നിറവേറ്റുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് വന്‍തുക നല്‍കാനുളളതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമ്പന്നര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാവല്‍ക്കാരന്‍ പാവപ്പെട്ടവരെ പരിഗണിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടി രൂപ കുടിശിക ഇനത്തില്‍ നല്‍കാനുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രിയങ്കയുടെ വിമര്‍ശനം. രാവും പകലും അധ്വാനിക്കുന്ന കരിമ്പ് കര്‍ഷകരുടെ കുടുംബത്തിന്‍റെ കുടിശിക കൊടുത്തു തീര്‍ക്കാനുളള ഉത്തരവാദിത്വം പോലും സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. 

ഇത്രയും വലിയ തുക കുടിശികയാണെങ്കില്‍ എത്ര വലിയ ദുരിതമാവും കര്‍ഷകര്‍ നേരിടുന്നത്. കര്‍ഷകരുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും, കൃഷിയുമെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടാകാം. ഇത്തരം കാവല്‍ക്കാര്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെ അവഗണിക്കുന്നു- പ്രിയങ്ക ആരോപിച്ചു.

കാവല്‍ക്കാരന്‍ സമ്പന്നര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

click me!