
ബെംഗലുരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും ലഭിക്കാത്ത വിധത്തിൽ കോൺഗ്രസിനെയും സഖ്യകകക്ഷികളെയും പരാജയപ്പെടുത്തണമെന്ന് നരേന്ദ്ര മോദി വോട്ടർമാരോട് ആവശ്യപ്പെട്ടു. ജമ്മു കാശ്മീർ വിഷയം ഉയർത്തിക്കാട്ടിയാണ് മോദി കോൺഗ്രസിനെ കെട്ടിവച്ച പണം പോലും കിട്ടാത്ത വിധത്തിൽ പരാജയപ്പെടുത്തണം എന്ന് പറഞ്ഞത്.
കർണ്ണാടകത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന റെയ്ഡുകളുടെ പേരിൽ നരേന്ദ്രമോദി കോൺഗ്രസിനെയും ജെഡിഎസിനെയും വിമർശിച്ചു. നിയമം ആണോ അല്ല, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ആവശ്യങ്ങളാണോ നടപ്പിലാകേണ്ടത് എന്നായിരുന്നു ചോദ്യം. തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിൽ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ അയ്യപ്പന്‍റെ പേര് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി ഇന്ന് വീണ്ടും ആരോപിച്ചിരുന്നു. കേരളത്തിന് പുറത്തും ശബരിമല വിഷയം ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുകയാണ് മോദി. ബിജെപിയുടെ ഒരു സ്ഥാനാർത്ഥിക്ക് ശബരിമലയുടെ പേരിൽ സമരം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചിരുന്നു.
മംഗളുരുവിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് മോദിയുടെ ഈ പരാമർശം. മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വയനാട് പാകിസ്ഥാനാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രചാരണം നടത്തുമ്പോൾ, ശബരിമല വിഷയത്തെ മുസ്ലിം ലീഗുമായി പ്രധാനമന്ത്രി കൂട്ടിക്കെട്ടുന്നു.