മുഖ്യമന്ത്രി നിലപാട് മാറ്റിയില്ലെങ്കിൽ സമിതിയുടെ കൺവീനറായി തുടരാനാവില്ല: പുന്നല ശ്രീകുമാ‍ർ

By Web TeamFirst Published May 26, 2019, 8:30 PM IST
Highlights

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് ശേഷവും സിപിഎം നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പുന്നല ശ്രീകുമാർ

ആലപ്പുഴ: ശബരിമല വിഷയത്തിൽ സ‍ർക്കാരിനോട് അതൃപ്തി വ്യക്തമാക്കി പുന്നല ശ്രീകുമാർ. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് ശേഷവും സിപിഎം നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പുന്നല ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും പിന്നീട് അതിനൊപ്പം പ്രവ‍ർത്തിക്കില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. 

"ന്യൂനപക്ഷ ഏകീകരണമാണ് ഇടത് പരാജയത്തിന് കാരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി നിലപാട് മാറ്റില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനത്ത് തുടരില്ല. നിലപാട് പുനപരിശോധിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നതാണ് വസ്തുത" പുന്നല ശ്രീകുമാർ പറഞ്ഞു. 

ശബരിമല വിഷയത്തിൽ സ‍ർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ ചെയ‍ർമാനും പുന്നലയെ കൺവീനറാക്കിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപപ്പെടുന്നത്. ശബരിമല വിഷയത്തിൽ സ‍ർക്കാരിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായതെന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദനടക്കമുള്ളവ‍ർ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പുന്നല ശ്രീകുമാർ അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്.

click me!