
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്യോധനനെന്ന് വിളിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തെറ്റുപറ്റിയെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് റാബ്രി ദേവി. മോദി ദുര്യോധനൻ അല്ല അരാച്ചാരാണെന്ന് റാബ്രി ദേവി പറഞ്ഞു. കഴിഞ്ഞദിവസമാണ് അഹങ്കാരിയായ മോദിയുടെ പതനം ദുര്യോധനനെപ്പോലെയാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞത്. ഇതിനു പിന്നാലെയാണ് റാബ്രി ദേവി രംഗത്തെത്തിയത്.
'നരേന്ദ്രമോദിയെ ദുര്യോധനൻ എന്ന് വിളിച്ച പ്രിയങ്കയ്ക്ക് തെറ്റുപറ്റി. അദ്ദേഹത്തെ ആരാച്ചാർ എന്നാണ് വിളിക്കേണ്ടത്. ജഡ്ജിമാരെയും മാധ്യമപ്രവർത്തകരെയും തട്ടികൊണ്ടുപോയി കൊല്ലുന്നയാളാണ് മോദി. അങ്ങനെയുള്ള ഒരു മനുഷ്യന്റെ ഉദ്ദേശ്യം എന്തായിരിക്കും. അത് അപകടകരമാണ്'- റാബ്രി ദേവി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു പ്രിയങ്കയുടെ ദുര്യോധനൻ പരാമർശം. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കിയെന്നും സർവ്വ നാശത്തിന്‍റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അതേ സമയം പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനൻ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. 23-ന് അറിയാം ആരാണ് അർജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.